Latest News

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ഖത്തറിനു പിന്നാലെ കുവൈത്തും ഇന്ത്യന്‍ അംബസാഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ഖത്തറിനു പിന്നാലെ കുവൈത്തും ഇന്ത്യന്‍ അംബസാഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു
X

ദോഹ: ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരേ ശക്തമായ പ്രതിഷേധവുമായി കുവൈത്തും. ഖത്തറിനു പിന്നാലെ കുവൈത്തും ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി.

ബിജെപി വക്താവ് നൂപൂര്‍ ശര്‍മയാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.

ബിജെപി നേതാക്കളുടെ വിദ്വേഷപരാമര്‍ശത്തിനെതിരേ പരസ്യമായി മാപ്പുപറയണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഏഷ്യ വിഭാഗത്തിലെ വിദേശകാര്യ ഉപമന്ത്രിയാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.

'ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് പ്രവാചനകനെതിരേ നടത്തിയ പ്രസ്താവനകളെ പൂര്‍ണമായും നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്ന' ഒരു പ്രതിഷേധ കുറിപ്പ് അംബാസിഡര്‍ക്ക് കൈമാറിയതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മറ്റ് അറബിരാജ്യങ്ങളെപ്പോലെ കുവൈത്തിലും ഖത്തറിലും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരണിക്കണമെന്ന ആഹ്വാനം വ്യാപകമാണ്. ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഷെയ്ഖ് അല്‍ ഖലീലിയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബഹിഷ്‌കരണ ട്വീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാചക നിന്ദക്കെതിരേ സൗദി, കുവൈത്ത്, യുഎഇ, ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗര പ്രമുഖരുടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കുവൈത്ത് എംപിമാര്‍ ഉള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ ബിജെപിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

വിഷയം വലിയ വിവാദമായതോടെ ബിജെപി വിശദീകരണവുമായി രംഗത്തെത്തി. ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവന.

Next Story

RELATED STORIES

Share it