Latest News

മഴക്കെടുതി: പുനരധിവാസവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് എസ്ഡിപിഐ

മഴക്കെടുതി: പുനരധിവാസവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ അതിദാരുണമായ മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ഷരും വ്യാപാരികളുമുള്‍പ്പെടെയുള്ളവരുടെ പുനരധിവാസവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലായി 200 കോടിയിലധികം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് ഔദ്യോഗിക കണക്ക്. കൊയ്‌തെടുക്കാറായ നെല്‍പാടങ്ങളും കാര്‍ഷിക വിളകളും നഷ്ടപ്പെട്ട കര്‍ഷകര്‍ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ്. ചെറുകിട വ്യാപാരികളുള്‍പ്പെടെയുള്ളവരുടെ നാളിതുവരെ സമ്പാദിച്ചവ മുഴുവന്‍ മഴവെള്ളപ്പാച്ചിലില്‍ നാമാവശേഷമായി. മറ്റുള്ളവരുടെ ദയാ വായ്പിലാണ് ആയിരങ്ങളുടെ അന്നവും ഉടുവസ്ത്രവും. ജീവന്‍ ബാക്കിയായ പലര്‍ക്കും ഇനി മടങ്ങി പോകാന്‍ വീടുകളില്ല. ഭാഗികമായി തകര്‍ന്ന വീടുകളില്‍ സുരക്ഷിതമായി താമസിക്കാനാകില്ല. വീട് പൂര്‍ണമായും ഭാഗീകമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉടന്‍ നടപ്പാക്കണം. കര്‍ഷകരുടെയും വ്യാപാരികളുടെയും നഷ്ടം കൃത്യമായി കണക്കാക്കുകയും അതിലുപരി അവര്‍ക്ക് തിരികെ ജീവിത്തിലേക്കു മടങ്ങുന്നതിനാവശ്യമായ ഉപജീവനമാര്‍ഗം തുറന്നു കൊടുക്കുന്നതിനും കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലവിളംബം വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഏകോപനമില്ലാത്തതും മുഖ്യമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതും പ്രതിഷേധാര്‍ഹമാണ്. 2018 ലുള്‍പ്പെടെ ഉണ്ടായ ദുരന്തങ്ങളില്‍ നഷ്ടപരിഹാരമുള്‍പ്പെടെ നല്‍കുന്നതിലുണ്ടായ നിയമകുരുക്കുകളും കൃത്യവിലോപങ്ങളും ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും റോയി അറയ്ക്കല്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it