Latest News

സെക്രട്ടറിയേറ്റിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് എല്‍പി സ്‌ക്കൂള്‍ ടീച്ചര്‍മാരുടെ പ്രതിഷേധം

മലപ്പുറം ജില്ലയില്‍ അധ്യാപക ഒഴിവിന് ആനുപാതികമായി ഷോര്‍ട്ട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

സെക്രട്ടറിയേറ്റിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് എല്‍പി സ്‌ക്കൂള്‍ ടീച്ചര്‍മാരുടെ പ്രതിഷേധം
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് എല്‍പി സ്‌ക്കൂള്‍ ടീച്ചര്‍മാരുടെ പ്രതിഷേധം. മലപ്പുറം ജില്ലയില്‍ അധ്യാപക ഒഴിവിന് ആനുപാതികമായി ഷോര്‍ട്ട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പിഎസ്‌സി പ്രസിദ്ധീകരിച്ച എല്‍പി സ്‌കൂള്‍ ടീച്ചര്‍ മുഖ്യപട്ടിക അപാകതകള്‍ പരിഹരിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം ഇന്നേക്ക് 95 ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. 93 ദിവസം മലപ്പുറം സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തിയ സമരം അനുകൂല നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മലപ്പുറത്ത് എല്‍പി സ്‌കൂള്‍ ടീച്ചര്‍ മുഖ്യപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നാണ് ആരോപണം. പരീക്ഷ തിയ്യതി വരെ റിപോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണവും മുന്‍ ലിസ്റ്റിലെ നിയമന ശുപാര്‍ശയുടെ ഒരു വര്‍ഷത്തെ ശരാശരി എണ്ണവും കണക്കാക്കി ഏതാണോ വലുത് അതിന്റെ മൂന്നിരട്ടിയെങ്കിലും ചുരുങ്ങിയത് മുഖ്യപട്ടികയില്‍ സര്‍ക്കുലര്‍ പ്രകാരം ഉള്‍പ്പെടുത്തണം. പരീക്ഷാ തിയ്യതി വരെ പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം 398 ഉം, മുന്‍ ലിസ്റ്റിലെ നിയമന ശുപാര്‍ശയുടെ ഒരു വര്‍ഷത്തെ ശരാശരി എണ്ണം 1181 ആണ്. ഇതുപ്രകാരം 3543 പേരെയാണ് മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. പക്ഷേ വെറും 997 പേരുടെ മുഖ്യ പട്ടികയാണ് പിഎസ് സി പ്രസിദ്ധീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

ആദ്യദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം 15 ഓളം വിദ്യാര്‍ഥികള്‍ മുട്ടിലിഴയല്‍ സമരം നടത്തി. മൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണവും നടത്തി. സമരത്തിനിടെ ആരോഗ്യനില മോശമായ ആറ് പേരെ ആശുപത്രിയിലേക്ക് പോലിസിന്റെ സഹായത്തോടെ മാറ്റിയിരുന്നു. വിഷയത്തില്‍ സര്‍ക്കാറില്‍ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഇന്ന് വനിത ഉദ്യോഗാര്‍ത്ഥികള്‍ തല മുണ്ഡനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it