Latest News

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഭീകരസംഘടനാ മോഡല്‍ സമരം: എം വി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഭീകരസംഘടനാ മോഡല്‍ സമരം: എം വി ജയരാജന്‍
X

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഭീകരസംഘടനാ മോഡല്‍ സമരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇത് ഭീകര സംഘടനാ മോഡല്‍ സമരമാണ്. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള നീക്കമാണ്. വികസനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചില മാധ്യമങ്ങളില്‍ ഒറ്റക്കൊരാള്‍ കരിങ്കൊടിയെടുത്ത് ചാടുന്ന ദൃശ്യം നല്‍കി ആയിരങ്ങളുടെ പ്രതിഷേധമെന്നാണ് റിപോര്‍ട്ട് നല്‍കുന്നത്. വികസനകാംഷികളായ ജനങ്ങള്‍ ഇത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരേ അപവാദപ്രചരണങ്ങളും പച്ച നുണകളുമാണ് ഇപ്പോള്‍ യുഡിഎഫും, ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാന്‍ വിവാദസ്ത്രീയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയപ്രചരണമാണ് യുഡിഎഫും, ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ് ഇക്കൂട്ടരുടെ അപവാദപ്രചരണങ്ങള്‍. ഇഡി സോണിയാ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് അയച്ച് ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാണക്കേട് തോന്നാത്ത ഒരു പാര്‍ട്ടിയായി കേരളത്തിലെ കോണ്‍ഗ്രസ് അധപതിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ചട്ടുകമായി അധപതിച്ചു എന്ന് ഹൈക്കമാന്റ് പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് അക്രമസമരം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ കണ്ണൂര്‍ പരിപാടി അലങ്കോലപ്പെടുത്താനാണ് കോണ്‍ഗ്രസ്സും, ലീഗും, ബിജെപിയും പരിശ്രമിച്ചത്. നാടെമ്പാടും മുഖ്യമന്ത്രിയെ തടയുമെന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചിരുന്നത്. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് കരിങ്കൊടി കാണിക്കാനെത്തിയത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ് ജില്ലാ നേതൃത്വങ്ങള്‍ മാധ്യമപ്രതിനിധികള്‍ക്ക് ബ്രേക്കിങ് ന്യൂസ് നാളെ കിട്ടുമെന്ന് സന്ദേശം നല്‍കിയപ്പോള്‍ ചില മാധ്യമങ്ങള്‍ സമീപജില്ലകളില്‍ നിന്ന് റിപോര്‍ട്ടര്‍മാരെയും, കാമറമാന്‍മാരെയും കൊണ്ടുവന്നു.

ഗസ്റ്റ് ഹൗസ് പരിസരത്ത് കാണാന്‍ കഴിഞ്ഞത് സമരക്കാരെക്കാള്‍ മാധ്യമപ്രവര്‍ത്തകരെയാണ്. ഒരു മാധ്യമത്തിന്റെ റിപോര്‍ട്ടര്‍ കരിങ്കൊടിയുമായി വന്നയാളുകളെ ഒരു ഫഌറ്റിനടുത്ത് ഒളിപ്പിച്ചു. കാമറമാനും ഒപ്പം കൂടി 'മുഖ്യമന്ത്രിയുടെ വാഹനം വരുമ്പോള്‍ ഞാന്‍ ചാടി വീഴും അപ്പോള്‍ നിങ്ങള്‍ ചിത്രമെടുക്കണം' ഇതായിരുന്നു നേതാവ് പറഞ്ഞത്. കാല്‍ടെക്‌സിന് സമീപവും സമാനരീതിയിലാണ് അക്രമസമരം ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രിയെ നിലംതൊടിക്കീല്ല എന്ന മുഖ്യവാക്യം പോലും ചിലര്‍ വിളിച്ചു.

ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കലക്കല്‍ പറഞ്ഞത് പോലെ കേരളം വികസനത്തിന്റെ ഉയര്‍ന്ന സ്വപ്‌നങ്ങള്‍ മുഖ്യമന്ത്രിയോടൊപ്പം ഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ട്. വികസനവിരുദ്ധ അക്രമസമരക്കാരെ ഒറ്റപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികളോട് അഭ്യര്‍ഥിക്കുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും അക്രമസമരത്തിനെതിരേ ജൂണ്‍ 13നും 15നും ഇടയിലുള്ള തിയ്യതികളില്‍ 4000 കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് വിപുലമായ ജനകീയ പ്രതിഷേധ പരിപാടികള്‍ ജില്ലയിലെമ്പാടും സംഘടിപ്പിക്കും. ഇത്തരം പരിപാടികളില്‍ വികസനതല്‍പരരായ ജനങ്ങള്‍ അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it