Latest News

കാറിടിപ്പിച്ച് കൊന്ന കര്‍ഷകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ലഖിംപൂരിലേക്ക്; രാഷ്ട്രീയക്കാര്‍ക്ക് വേദി അനുവദിക്കില്ലെന്ന് സംയുക്ത കര്‍ഷക സംഘടന

കാറിടിപ്പിച്ച് കൊന്ന കര്‍ഷകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ലഖിംപൂരിലേക്ക്; രാഷ്ട്രീയക്കാര്‍ക്ക് വേദി അനുവദിക്കില്ലെന്ന് സംയുക്ത കര്‍ഷക സംഘടന
X

ലഖ്‌നോ: ഒക്‌ടോബര്‍ മൂന്നിന് ലഖിംപൂരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കര്‍ഷകന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രിയങ്കാ ഗാന്ധി ലഖിംപൂരിലേക്ക് പുറപ്പെട്ടു. യുപി കോണ്‍ഗ്രസ് നേതാവും വക്താവുമായ അശോക് സിങ്ങാണ് വാര്‍ത്ത പുറത്തുവിട്ടത്.

''പ്രിയങ്കാ ഗാന്ധി കൊലചെയ്യപ്പെട്ട കര്‍ഷകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ലഖിംപൂര്‍ ഖേരിയിലേക്ക് പോകും. കോണ്‍ഗ്രസ് യുപി മേധാവി അജയ് കുമാര്‍ ലല്ലു, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ധീരജ് ഗുര്‍ജര്‍, രോഹിത്ത് ചൗധരി, പ്രമോദ് തിവാരി, ആരാധനാ മിശ്ര, ദീപക് സിങ്ങ് എന്നിവരും പ്രിയങ്കയെ അനുഗമിക്കുന്നുണ്ട്.''

എന്നാല്‍ കര്‍ഷക നേതാക്കളുമായി വേദി പങ്കിടാന്‍ ഒരു രാഷ്ട്രീയക്കാരെയും അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ മാത്രമേ വേദിയിലുണ്ടാവൂ എന്ന് ബികെയു ടിക്കായത്ത് - വൈസ് പ്രിസഡന്റ് ബാല്‍ക്കര്‍ സിങ് അറിയിച്ചു.

''അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ നാളെ എത്തിയേക്കും. ടിക്കോണിയയുടെ പ്രാന്തപ്രദേശത്ത് ഒരു പന്തല്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സ്വന്തം വാഹനങ്ങളില്‍ എത്തും. ഒരു വയലില്‍ ഒരു പന്തല്‍ സ്ഥാപിക്കുന്നുണ്ട്. ഇവിടെ അന്തരീക്ഷം ശാന്തമാണ്. നിലവില്‍ വലിയ തിരക്കുണ്ടാവില്ല''- ടിക്കോണിയ ഗ്രാമത്തിലെ കൗഡിയാല ഘട്ട് ഗുരുദ്വാരയിലെ ബാബാ കല്യാണ്‍ സിങ് പറഞ്ഞു.

ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരുടെ നേര്‍ക്ക് കേന്ദ്ര മന്ത്രിയുടെ വാഹവ്യൂഹം ഇടിച്ചുകയറിയത്. അവിടെ വച്ച് നാല് പേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേരും മരിച്ചു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയാണ് വണ്ടിയോടിച്ചിരുന്നതെന്ന് പിന്നീട് വ്യക്തമായി. അയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it