Latest News

വീണ്ടും സ്വകാര്യവല്‍ക്കരണം; ലക്ഷ്യമിടുന്നത് 6 ലക്ഷം കോടി

വീണ്ടും സ്വകാര്യവല്‍ക്കരണം; ലക്ഷ്യമിടുന്നത് 6 ലക്ഷം കോടി
X

ന്യൂഡല്‍ഹി: വീണ്ടും തീവ്ര സ്വകാര്യവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ആസ്തി സ്വകാര്യസംരംഭകര്‍ക്ക് കൈമാറി അതുവഴി പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ട് തിരിച്ചുപിടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പുതിയ ഓഹരിവിറ്റഴിക്കല്‍ നടപടിയുടെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മലാ സീതാരാമനാണ് പുറത്തുവിട്ടത്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഒട്ടും ഉപയോഗിക്കാതെയോ ആവശ്യത്തിന് ഉപയോഗിക്കാതെയോ കിടക്കുന്ന ആസ്തി തിരിച്ചുപിടിച്ച് ഉപയുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ധനമന്ത്രി വിശദീകരിച്ചു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി 2019ലാണ് പ്രഖ്യാപിച്ചത്.

ഇത്തരത്തില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പദ്ധതിയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കും. പൂര്‍ണമായ വിറ്റഴിക്കലല്ല നടക്കുക. നിശ്ചിതകാലത്തേക്ക് കൈമാറുകയായിരിക്കും ചെയ്യുക. റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് പൈപ്പ്‌ലൈന്‍, വൈദ്യുതി എന്നിവയ്‌ക്കൊക്കെ ഇത് ബാധകമായിരിക്കും. സ്വകാര്യമേഖലക്ക് കൈമാറുക വഴി കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുപിടിക്കാനും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനവികസനത്തിനുവേണ്ടി പൊതുസ്വത്തിനെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചത്.

സര്‍ക്കാര്‍ ആസ്തിയുടെ 14 ശതമാനമാണ് ഈ പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുന്നത്. അത് ഏകദേശം ആറ് ലക്ഷം കോടി രൂപ വരും. കപ്പല്‍ഗതാഗതം, വ്യോമഗതാഗതം, ഖനി, സ്‌പോര്‍ട്‌സ്, അര്‍ബന്‍ ഭൂമിക്കച്ചവടം തുടങ്ങി മുഴുവന്‍ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it