Latest News

രാജസ്ഥാന്‍ ജയിലുകളില്‍ ഇരിക്കാന്‍ സ്ഥലമില്ല, പിന്നെയാണ് കിടക്കാന്‍; ദുരവസ്ഥ പുറത്തുകൊണ്ടുവന്നത് പുതിയ പഠനം

2017 ജനുവരി മുതല്‍ നവംബര്‍ 2018 വരെയുള്ള കാലയളവിലാണ് സ്മിത ചക്രവര്‍ത്തി പഠനം നടത്തിയത്.

രാജസ്ഥാന്‍ ജയിലുകളില്‍ ഇരിക്കാന്‍ സ്ഥലമില്ല, പിന്നെയാണ് കിടക്കാന്‍; ദുരവസ്ഥ പുറത്തുകൊണ്ടുവന്നത് പുതിയ പഠനം
X

ജെയ്പൂര്‍: രാജസ്ഥാന്‍ ജയിലുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ നിന്നു തിരിയാന്‍ ഇടമില്ലെന്ന് പുതിയ പഠനം. ഒരാള്‍ക്ക് തുടര്‍ച്ചയായി ഒരിടത്ത് ഇരിക്കാന്‍ കഴിയാത്തവണ്ണം തിരക്കേറിയതാണ് ഓരോ സെല്ലുകളും. തടവുകാര്‍ ഒരു തീവണ്ടിയിലെന്നപോലെ ഇരുന്നാണ് പലയിടങ്ങളിലും കഴിച്ചുകൂട്ടുന്നത്. ജലിലുകളില്‍ എലിശല്യവും രൂക്ഷം. പല ജയിലുകളിലും അവ തടവുകാരുടെ പായയും വസ്ത്രങ്ങളും ഭക്ഷണവും നശിപ്പിക്കുന്നു, തിന്നുതീര്‍ക്കുന്നു. സ്വതന്ത്ര ഗവേഷകയായ സ്മിത ചക്രവര്‍ത്തിയുടെ പഠനമാണ് ജയിലുകളുടെ ശോചനീയമായ അവസ്ഥ പുറത്തുകൊണ്ടുവന്നത്. വിചാരണത്തടവുകാരുടെ അവസ്ഥയാണ് ഏറ്റവും ദയനീയമെന്നും പഠനം പറയുന്നു. 2017 ജനുവരി മുതല്‍ നവംബര്‍ 2018 വരെയുള്ള കാലയളവിലാണ് സ്മിത ചക്രവര്‍ത്തി പഠനം നടത്തിയത്. സംസ്ഥാനത്തെ 30 ജയിലുകള്‍ പഠനവിധേയമാക്കി. അതില്‍ വിചാരണത്തടവുകാരുടെ ജയിലുകള്‍, ജില്ലാ ജയിലുകള്‍ സംസ്ഥാന- കേന്ദ്ര ജയിലുകള്‍, ലോക്കപ്പുകള്‍, തുറന്ന ജയിലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

ജയിലുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയും പുറത്ത് ജോലിക്കു പോകുകയും ചെയ്യാവുന്നവയാണ് തുറന്ന ജയില്‍. ഹാജര്‍ വിളിക്കുന്നതിനു മുമ്പ് എത്തിച്ചേരണമെന്നതാണ് മുഖ്യ നിബന്ധന.

ഫലൗദി സബ് ജയിലില്‍ സ്മിത ചക്രവര്‍ത്തി ചെല്ലുന്ന സമയത്ത് 74 അന്തേവാസികളുണ്ടായിരുന്നു. അവിടത്തെ കപ്പാസിറ്റിയാവട്ടെ 17 മാത്രം. വിഐപി തടവുകാര്‍ക്കു വേണ്ടി ഒറ്റ മുറി സെല്ലുകള്‍ മാറ്റിവയ്ക്കുമ്പോള്‍ സാധാരണ തടവുകാരെ മറ്റിടങ്ങളിലേക്ക് മാറ്റുന്നു. അതും തിരക്ക് കൂടാന്‍ കാരണമാവുന്നു. തിരക്കു കാരണം പല സെല്ലുകളിലും തടവുകാര്‍ക്ക് ഇരുന്നു കഴിച്ചുകൂട്ടേണ്ടിവരുന്നു.

സാധാരണ ഒരു ദാബയില്‍ ഒരാള്‍ 300 ചപ്പാത്തിയാണ് ഉണ്ടാക്കുന്നത് എന്നാല്‍ രാജസ്ഥാന്‍ ജയിലില്‍ ഒരാള്‍ 1200 ചപ്പാത്തി ഉണ്ടാക്കേണ്ടിവരുന്നു. ജയിലിലെ ഏറ്റവും കഠിനമായ ജോലിയായി ചപ്പാത്തി നിര്‍മാണം മാറിക്കഴിഞ്ഞു. പലപ്പോഴും ഉണ്ടാക്കിതീര്‍ക്കാനാവതെ പാചകക്കാര്‍ ചപ്പാത്തിയുടെ വലുപ്പം കൂട്ടുന്നു. ഇത്തരം ചപ്പാത്തി പ്രായമായ തടവുകാര്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടാണ്.

രാജസ്ഥാനില്‍ പൊതുവില്‍ ജലക്ഷാമമാണ്. പല ജയിലുകളിലും വെള്ളം തന്നെയില്ല. കക്കൂസുകളും മൂത്രപ്പുരകളും അതീവ വൃത്തിഹീനമാണ്.

പല ജയിലുകളിലും 90 മുകളിലുള്ള നിരവധി പേരുണ്ട്. സ്വയം എഴുന്നേറ്റ് നില്‍ക്കാനാവാത്തവരും തിമിരത്തിന് ചികിത്സിക്കാത്തതിനാല്‍ അന്ധരായി പോയവരും ധാരാളം. ഇത്തരക്കാരെ ഒന്നുകില്‍ വിട്ടയക്കാനോ തുറന്ന ജയിലിലയക്കാനോ സര്‍ക്കാര്‍ തയ്യാറല്ല.

ജയില്‍ ഗാര്‍ഡുകളുടെ കാര്യവും തടവുകാരില്‍ നിന്ന് വ്യത്യസ്തമല്ല. 1900-7600 ആണ് പലരുടെയും മാസവരുമാനം. 2129 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അത് മൊത്തം ജയില്‍ തസ്തികകളുടെ 48 ശതമാനം വരും. ബാരക്ക് പോലുള്ള സെല്ലുകളിലാണ് ജയിലര്‍മാര്‍ താമസിക്കുന്നത്. അവിടെയും നിന്നുതിരിയാന്‍ ഇടമില്ല.

അതേസമയം രാജസ്ഥാനിലെ അതിര്‍ത്തിയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ജയിലുകളില്‍ സ്ഥിതിഗതികള്‍ മെച്ചമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുള്ളതുകൊണ്ടല്ല അത്. അതിര്‍ത്തിയില്‍ ആരുടെയും അല്ലാത്ത സ്ഥലത്ത് ചെറിയ മണ്‍വീടുകളിലാണ് തടവുകാര്‍ പാര്‍ക്കുന്നത്. അവര്‍ക്കവിടെ കുടുംബത്തോടൊപ്പം താമസിക്കാം. പുറത്ത്പണിക്കുപോകാം. രാത്രി തിരിച്ചെത്തണം. അതുകൊണ്ടുതന്നെ ജീവിതം കുറേ കൂടി മെച്ചമാണ്. സര്‍ക്കാരിനും ചെലവ്കുറവ്.

Next Story

RELATED STORIES

Share it