Latest News

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന; ചൈനയെ കുറിച്ച് പരാമര്‍ശമില്ല, സൗജന്യ റേഷന്‍ വിതരണം നവംബര്‍ വരെ നീട്ടി

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന;  ചൈനയെ കുറിച്ച് പരാമര്‍ശമില്ല, സൗജന്യ റേഷന്‍ വിതരണം നവംബര്‍ വരെ നീട്ടി
X

ന്യൂഡല്‍ഹി: രാജ്യം ഏറ്റവും ഉറ്റു നോക്കുന്ന ചൈന-ഇന്ത്യ അതിര്‍ത്തി സംഘര്‍ഷങ്ങളെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന അവസാനിച്ചു. അണ്‍ലോക്ക്-2 വുമായി ബന്ധപ്പെട്ട് രാജ്യത്തെ 80 കോടിയോളം ദരിദ്രജനതയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യവിതരണം നവംബര്‍ വരെ നീട്ടിനല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രം, ഭക്ഷ്യധാന്യ സൗജന്യവിതരണ പദ്ധതി നബംബര്‍ വരെ നീട്ടാന്‍ തീരുമാനിച്ചത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വരുംമാസങ്ങള്‍ ഉല്‍സവ സീസണായതുകൊണ്ടും കൂടിയാണ് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇന്ന് വൈകീട്ടായിരുന്നു പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന.

80 കോടി വരുന്ന ദരിദ്രര്‍ക്ക് മാസം 5 കിലോഗ്രാം ഭക്ഷ്യധാന്യവും 1 കിലോഗ്രാം പരിപ്പുമാണ് സൗജന്യമായി നല്‍കുക. ദീവാലി, ഛത് പൂജ ഉല്‍സവങ്ങള്‍ വരുംമാസങ്ങളിലാണ് നടക്കുന്നത്. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടുന്നതിന് 90,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

17 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ മോദി ചൈനീസ് പ്രതിസന്ധിയെ കുറിച്ച് ഒരു സൂചനയും നല്‍കിയില്ല. ലഡാക്കില്‍ ജൂണ്‍ പതിനഞ്ചിന് 20ഓളം സൈനികര്‍ കൊല്ലപ്പെട്ട ശേഷം നടക്കുന്ന ആദ്യത്തെ രാഷ്ട്രത്തോടുളള അഭിസംബോധനയായിരുന്നു ഇന്നത്തേത്.

അധികം താമസിയാതെ ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പ് നല്‍കി. രാജ്യത്തെ കോടിക്കണക്കിനു വരുന്ന അന്തര്‍സംസ്ഥാനതൊഴിലാളികള്‍ക്ക് ഇത് ഉപകാരപ്പെടും.

നിങ്ങള്‍ ടാക്‌സ് നല്‍കിയതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഭക്ഷണം നല്‍കാനായത്. ഇന്ത്യയ്ക്ക് വിശക്കാതിരുന്നതിന് കാരണം നിങ്ങളാണ്. എല്ലാ കര്‍ഷകരോടും നികുതിദായകരോടും ഞാന്‍ നന്ദി പറയുന്നു- പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ നികുതിദായകര്‍ക്കും കര്‍ഷകര്‍ക്കും നന്ദി അറിയിച്ചു. 5.36 ലക്ഷം ജനങ്ങളെ ബാധിച്ച കൊവിഡ് 19നെതിരേയുളള പോരാട്ടത്തിന്റെ ബഹുമതി കര്‍ഷകര്‍ക്കും നികുതിദായകര്‍ക്കുമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ജനങ്ങളില്‍ ആരോഗ്യസുരക്ഷയില്‍ വലിയ തോതില്‍ അലംഭാവം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സമയത്ത് രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സ്വയം പോകേണ്ടതുണ്ട്. ഗ്രാമത്തിന്റെ അധികാരിയായാലും പ്രധാനമന്ത്രിയായാലും ആരും നിയമത്തനു മുകളിലല്ല. മാസ്‌കുകള്‍ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധപതിപ്പിക്കണം. ജനങ്ങളില്‍ അശ്രദ്ധ വര്‍ധിക്കുന്നുണ്ട്. രാജ്യമാസകലം പ്രത്യേകിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നാം കൂടുതല്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it