Latest News

പഞ്ചാബി ഗായകന്റെ കൊലയ്ക്കുപിന്നില്‍ കനേഡിയന്‍ ഗുണ്ടാസംഘമെന്ന് പോലിസ്

പഞ്ചാബി ഗായകന്റെ കൊലയ്ക്കുപിന്നില്‍ കനേഡിയന്‍ ഗുണ്ടാസംഘമെന്ന് പോലിസ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസ് വാലയുടെ കൊലപാതകത്തിനു പിന്നില്‍ കാനഡയിലെ ഗുണ്ടാസംഘമെന്ന് പോലിസ്. കൊലപാതകം ഗുണ്ടാപോരിന്റെ ഭാഗമെന്നും പോലിസ് പറയുന്നു. കാനഡയിലെ ലോറന്‍സ് ബിഷ്‌ണോയി ഗുണ്ടാസംഘം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ട്.

'ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ലക്കിയെന്ന സംഘത്തിലെ അംഗം കാനഡയില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തു.'- പഞ്ചാബ് ഡിജിപി വി കെ ഭാവ്ര പറഞ്ഞു. വിക്കി മിധുഖെരയെ കൊലപ്പെടുത്തിയ കേസില്‍ മൂസ് വാലയുടെ മാനേജരുടെ പേര്‍ പൊങ്ങിവന്നിരുന്നു.

മിധുഖെരയുടെ കൊലപാതകത്തിന് പകരംവീട്ടലാണ് ഇതെന്ന് പോലിസ് പറയുന്നു. അന്വേഷണത്തിനുവേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തന്റെ പാട്ടുകളില്‍ തോക്ക് സംസ്‌കാരം കുത്തിനിറക്കുന്നതിന്റെ പേരില്‍ മൂസ് വാല വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സന്‍ജു എന്ന ഗാനത്തിന്റെ പേരില്‍ നിയമനടപടിയും നേരിട്ടു.

കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ത്തതിന്റെ ഫോട്ടോഗ്രാഫുകള്‍ പുറത്തുവന്നശേഷം മൂസ് വാലക്കെതിരേ ആയുധനിയമം, ദുരന്തനിവാരണ നിയമം എന്നിവ അനുസരിച്ച് കേസെടുത്തിരുന്നു.

ഇന്നലെയാണ് മൂസ് വാലക്കെതിരേ ആക്രമണം നടന്നത്. വെടിവയ്പ്പില്‍ സുഹൃത്തുക്കളായ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. മൂസ് വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്. ശുഭ്ദീപ് സിങ് സിദ്ധു എന്നാണ് ശരിയായ പേരെങ്കിലും സിദ്ദു മൂസ് വാലയെന്ന പേരില്‍ പ്രശസ്തനാണ്.

മൂസ് വാലയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ അവരുടെ ഗ്രാമമായ മാന്‍സയിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണംനടന്നക്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് സിദ്ദു മൂസ് വാല മല്‍സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോക്ടര്‍ വിജയ് സിംഗ്ലയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

Next Story

RELATED STORIES

Share it