Latest News

മലപ്പുറം ജില്ലയില്‍ പോലിസ് പക്ഷപാതപരമായി പെരുമാറുന്നു: യൂത്ത് ലീഗ്

മലപ്പുറം ജില്ലയില്‍ പോലിസ് പക്ഷപാതപരമായി പെരുമാറുന്നു: യൂത്ത് ലീഗ്
X

മലപ്പുറം: ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 18ന് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ പോലിസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് അതിക്രമവും തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പെടെയുള്ള 29 ഓളം പ്രവര്‍ത്തകരേയും നേതാക്കളേയും കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്ത നടപടിയും ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ പകപോക്കലുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയും സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയും ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികള്‍ എല്ലാ ജില്ലയിലും നടന്നിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ തീര്‍ത്തും ജനാധിപത്യ രീതിയിലും സമാധാനപരമായും നടന്ന ചെറിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരേ പോലും പോലിസ് കേസെടുത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല, ചില പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. ഇത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല.

കേരളത്തിലെ മറ്റ് 13 ജില്ലകളിലും ഇല്ലാത്ത രീതിയിലുള്ള നടപടിയാണ് പോലിസ് മലപ്പുറം ജില്ലയില്‍ സ്വീകരിച്ചുവരുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളോ ഗതാഗത തടസ്സമോ ഒന്നുമില്ലാതെ തീര്‍ത്തും സമാധാനപരമായി നടന്ന ചെറിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെയാണ് പോലിസ് കേസെടുത്തിട്ടുള്ളത് എന്നത് വളരെ ഗൗരവമാണ്. ഇതേ രീതിയില്‍ നടക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടേയും പ്രതിഷേധ പരിപാടികള്‍ക്ക് കേസെടുക്കാതെ ചില പ്രത്യേക താല്‍പ്പര്യങ്ങളോട് കൂടി യൂത്ത് ലീഗ് പ്രകടനങ്ങള്‍ക്ക് നേരെ കേസെടുക്കുന്ന രീതി ജനാധിപത്യവിരുദ്ധമാണ്.

ജനാധിപത്യ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ പ്രകടമാവുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം ഇത്തരം നടപടികളുമായി പോലിസ് മുന്നോട്ടുപോയാല്‍ അതിനെ ജനാധിപത്യപരമായും നിയമപരമായും പ്രതിരോധിക്കാന്‍ യൂത്ത് ലീഗ് രംഗത്തുവരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it