Latest News

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കണമെന്ന ഹരജി അപേക്ഷയായി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കണമെന്ന ഹരജി അപേക്ഷയായി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതമെന്നാക്കണമെന്ന ഹരജി അപേക്ഷയായി പരിഗണിക്കണമെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. സുപ്രിംകോടി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ധെ അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ഹരജി അപേക്ഷയായി പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട ഇത്തരം വിഷയത്തില്‍ കോടതിയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1ല്‍ ഇന്ത്യയെ ഭാരതമെന്ന് വിശേഷിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയ കോടതി ''നമുക്കിത് ചെയ്യാനാവില്ലെ''ന്നും ഹരജിക്കാരനെ അറിയിച്ചു.

ഹരജിക്കാരനായ നമാഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അശ്വിന്‍ വെയ്ഷ്, ഇന്ത്യ എന്ന പേര് ഗ്രീക്ക് ഭാഷയില്‍ നിന്ന് വന്നതാണെന്ന് ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ഭാരത് മാതാ കി ജെയ് എന്ന മുദ്രാവാക്യം നിരവധി തവണ മുഴങ്ങിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.

പേര് മാറാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചപ്പോള്‍ ഹരജി ഒരു അപേക്ഷയായി പരിഗണിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ഹരജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു. ഇത് കോടതി അനുവദിച്ചു.

ഇടതുനിന്ന് രണ്ടാമത് നില്‍ക്കുന്നത് എം അനന്തശയനം അയ്യങ്കാര്‍

2016 ലും പേര് മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതിയിലെത്തിയിരുന്നെങ്കിലും അന്നും അത് തള്ളുകയായിരുന്നു.

''ഇന്ത്യ എന്ന പേര് കോളനി ഭരണത്തെയും അടിമത്തത്തെയും സൂചിപ്പിക്കുന്നതാണ്. നഗരങ്ങളുടെ പേര് മാറ്റിയതു പോലെ രാജ്യത്തിന്റെയും പേര് മാറ്റണം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അംഗീകരിക്കണം. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരോട് അങ്ങനെ മാത്രമേ നീതി പുലര്‍ത്താനാവൂ''-ഹരജിയില്‍ പറയുന്നു.

1948 നവംബര്‍ 15ന് ഭരണഘടനാനിര്‍മാണസഭയില്‍ രാജ്യത്തിന്റെ പേര് നിശ്ചയിക്കുന്ന സമയത്ത് കോണ്‍ഗ്രസ് നേതാക്കളായ എം അനന്തശയനം അയ്യങ്കാറും ഗോവിന്ദ ദാസും ഇന്ത്യയ്ക്ക് പകരം ഭാരത്, ഭാരത് വര്‍ഷം, ഹിന്ദുസ്ഥാന്‍ എന്നിവയിലൊന്ന് സ്വീകരിക്കണമെന്ന് വാദിച്ചകാര്യം ഹരജിയിലുണ്ട്.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് നിരവധി നഗരങ്ങളുടെ പേരുകള്‍ വിവിധ സര്‍ക്കാരുകള്‍ വിവിധ കാലയളവുകളില്‍ മാറ്റിയിട്ടുണ്ട്. ചില പേരുകള്‍ അവയുടെ പ്രാദേശികമായി നിലവിലുള്ള പേരുകളാക്കി മാറ്റുകയായിരുന്നെങ്കില്‍ ചിലത് പുരാണത്തില്‍ നിന്ന് എടുത്തവയായിരുന്നു. ഹിന്ദുത്വ ആശയപ്രചാരണത്തിലെ മുഖ്യ ഉപാധികളിലൊന്നായിരുന്നു നഗരങ്ങളുടെ പേര് മാറ്റം.

Next Story

RELATED STORIES

Share it