Latest News

പിജി നീറ്റ് കൗണ്‍സിലിങ്: ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് റെഡിസന്റ് ഡോക്ടര്‍മാര്‍

പിജി നീറ്റ് കൗണ്‍സിലിങ്: ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് റെഡിസന്റ് ഡോക്ടര്‍മാര്‍
X

ന്യൂഡല്‍ഹി: പിജി നീറ്റ് കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രികളിലെ റെഡിസന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്നും തുടരും.

''ആവശ്യം അംഗീകരിക്കും വരെ സഫ്ദര്‍ജുങ് ആശുപത്രിക്കു മുന്നില്‍ നടക്കുന്ന സമരം തുടരും. രാത്രി കര്‍ഫ്യൂ ഉണ്ടായിരുന്നതുകൊണ്ടാണ് സഫ്ദര്‍ജുങ്ങിലേക്ക് മടങ്ങിയത്. അവിടെ പ്രതിഷേധം തുടരും''- ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. കുല്‍ സൗരഭ് കൗഷിക് പറഞ്ഞു.

ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ ഏഴ് പോലിസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് ഡല്‍ഹി പോലിസ് ആരോപിക്കുന്നത്.

ഐപിസി 188 പ്രകാരം സമരക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി, ക്രമസമാധാനത്തില്‍ ഏര്‍പ്പെട്ട പോലിസുകാരെ മര്‍ദ്ദിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

മാര്‍ച്ചിനിടയില്‍ പോലിസുകാര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചുവെന്നും വനിതകളുടെ ശരീരഭാഗങ്ങളില്‍ പിടിച്ചുവെന്നും ആരോപണമുണ്ട്.

ഇന്നു മുതല്‍ ആശുപത്രി ജോലികള്‍ ബഹിഷ്‌കരിക്കാനാണ് സമരക്കാരുടെ തീരുമാനം.

നീറ്റ് കൗണ്‍സിലിങ് നീളുന്നത് ആരോഗ്യസംവിധാനത്തെ ബാധിക്കുന്നുവെന്നാണ് ഡോക്ടര്‍മാരുടെ പരാതി. സമരത്തില്‍ പങ്കെടുത്ത ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൗണ്‍സിലിങ് പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ജനുവരി 2021നായിരുന്നു നീറ്റ് എക്‌സാം തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി 2021 സപ്തംബര്‍ 12ലേക്ക് മാറ്റി. എന്നാല്‍ ചില നിയമപ്രശ്‌നങ്ങളുടെ ഭാഗമായി ഇപ്പോഴത് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. 45,000 ഡോക്ടര്‍മാരുടെ കുറവാണ് പിജി നീറ്റ് കൗണ്‍സിലിങ് വൈകുന്നതുവഴി ഉണ്ടാകുന്നത്.

Next Story

RELATED STORIES

Share it