Latest News

അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ മടിക്കേണ്ട; രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം ഉറപ്പാക്കി ഡല്‍ഹി സര്‍ക്കാര്‍

അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ മടിക്കേണ്ട; രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം ഉറപ്പാക്കി ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന വ്യക്തികള്‍ക്ക് 25,000 രൂപ പ്രതിഫലം നല്‍കുന്ന 'രാഹ്‌വീര്‍' പദ്ധതി തലസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അപകടം നടന്നതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നും ഈ സമയത്ത് ചികില്‍സ ലഭിച്ചാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ 'രാഹ്‌വീര്‍' പദ്ധതിയുടെ ഭാഗമായി ഗുരുതരമായി പരിക്കേറ്റവരെ ട്രോമ സെന്ററിലോ ആശുപത്രിയിലോ എത്തിക്കുന്ന ആര്‍ക്കും 25,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരു അപകടത്തില്‍ ഒരാള്‍ ഒന്നിലധികം പേരെ രക്ഷിച്ചാലും പരമാവധി 25,000 രൂപ മാത്രമേ ലഭിക്കൂ. കൂടാതെ, വര്‍ഷത്തില്‍ മികച്ച സേവനം അനുഷ്ഠിക്കുന്ന പത്തു പേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരവും നല്‍കും. 'നിയമനടപടികള്‍ ഭയന്ന് സഹായത്തിന് മുന്നോട്ടുവരാന്‍ പലരും മടിക്കുന്ന സാഹചര്യത്തില്‍ ഈ പദ്ധതി പൗരന്മാരെ പ്രോല്‍സാഹിപ്പിക്കും,' എന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ്, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തും. തുടര്‍ന്ന് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് ലെവല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി രൂപീകരിച്ച് പദ്ധതിയുടെ സുതാര്യത ഉറപ്പാക്കും. അപകടത്തില്‍പ്പെട്ടയാളെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുള്ള മെഡിക്കോ ലീഗല്‍ കേസ് രേഖകളാണ് പ്രാഥമിക തെളിവ്. സഹായിച്ച വ്യക്തിയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തും. അപകടസ്ഥലം, സമയം, സാഹചര്യം എന്നിവ പോലിസ് പരിശോധിക്കുകയും സഹായിച്ച വ്യക്തിക്ക് അപകടവുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

അടിയന്തര ശസ്ത്രക്രിയയോ തീവ്രപരിചരണമോ ആവശ്യമായ ഗുരുതര അപകടങ്ങളിലാണ് പദ്ധതി ബാധകം. ഒരാളെ രക്ഷിക്കാന്‍ ഒന്നിലധികം പേര്‍ പങ്കെടുത്താല്‍ സമിതി തീരുമാനിക്കുന്ന വിധത്തില്‍ തുക വിഭജിക്കും. വ്യാജവിവരങ്ങള്‍ നല്‍കിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2019ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ 'ഗുഡ് സമരിറ്റന്‍' വ്യവസ്ഥകള്‍ പ്രകാരം സഹായിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് പൂര്‍ണ നിയമപരിരക്ഷ ലഭിക്കും. പോലിസോ മറ്റ് അധികാരികളോ ഇവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it