Latest News

അള്‍ട്രാവയലറ്റ് വികിരണം; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണം; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണനിരക്ക് ഉയര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം മൂന്നാര്‍, കോന്നി മേഖലകളില്‍ സൂചിക 8 രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യുവി സൂചിക 6 മുതല്‍ 7 വരെ രേഖപ്പെടുത്തിയതിനാല്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.

തുടര്‍ച്ചയായി ശക്തമായ സൂര്യപ്രകാശത്തിന് നേരിട്ട് വിധേയരാകുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യുവി ഇന്‍ഡക്‌സ് 6 മുതല്‍ 7 വരെയായാല്‍ യെല്ലോ അലേര്‍ട്ട്, 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലേര്‍ട്ട്, 11നും അതിലുമധികമായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതാണ്.

പകല്‍ 10 മുതല്‍ വൈകിട്ട് മൂന്നു വരെ യുവി തീവ്രത ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മനേത്ര രോഗികളായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവന്‍ മൂടുന്ന ലഘുവായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. ദീര്‍ഘസമയം പുറത്ത് കഴിയേണ്ടിവരുന്നവര്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

മലനിരകളും ഉഷ്ണമേഖല പ്രദേശങ്ങളും ഉള്‍പ്പെടെ ചില മേഖലകളില്‍ യുവി തീവ്രത സാധാരണയേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ അവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it