Sub Lead

രാജ്‌കോട്ടില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തില്‍ 1,489 വീടുകള്‍ പൊളിച്ചുമാറ്റി

രാജ്‌കോട്ടില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തില്‍ 1,489 വീടുകള്‍ പൊളിച്ചുമാറ്റി
X

ഗാന്ധിനഗര്‍: രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തില്‍ 1,489 വീടുകള്‍ വീടുകള്‍ പൊളിച്ചുമാറ്റി അധികൃതര്‍. 350 കോടിയിലധികം വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിച്ചതായാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മുനിസിപ്പല്‍ കമ്മീഷണര്‍ തുഷാര്‍ സുമേറയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ തിങ്കളാഴ്ച രാവിലെ 7.30 ഓടെ ആരംഭിച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. ജംഗ്ലേഷ്വര്‍ പ്രദേശത്തും ടിപി റോഡിലും അജി തീരങ്ങളിലുമുള്ള കെട്ടിടങ്ങളാണ് പ്രധാനമായും പൊളിച്ചുമാറ്റിയത്.

ടിപി റോഡില്‍ നിന്നും 497 കെട്ടിടങ്ങളും അജി നദിയിലെ 992 കെട്ടിടങ്ങളും പൊളിച്ചുമാറ്റി. 1,512 മുനിസിപ്പല്‍ ജീവനക്കാരും മണ്ണുമാന്തി യന്ത്രവും ട്രാക്റ്ററുകളും ഉള്‍പ്പടെ 261 വാഹനങ്ങളുപയോഗിച്ചായിരുന്നു പൊളിച്ചുമാറ്റല്‍ നടപടി.

ജനങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പൊളിക്കല്‍ നടപടി നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴക്കാലത്ത് നദിതീരത്ത് വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നിരുന്നു, അതിനാല്‍ പലപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായിരുന്നു. 2024ല്‍ മാത്രം 1,378 താമസക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും, റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും, ആംബുലന്‍സുകള്‍, ഫയര്‍ ടെന്‍ഡറുകള്‍, പോലിസ് വാഹനങ്ങള്‍ എന്നിവയ്ക്ക് വേഗത്തിലുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് സുമേര ഊന്നിപ്പറഞ്ഞു.

പൊതു സുരക്ഷ, നഗര ആസൂത്രണം, ദുരന്ത നിവാരണം എന്നിവയ്ക്ക് ഈ നടപടി അത്യാവശ്യമാണെന്ന് കമ്മീഷണര്‍ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ പൊതു ഭൂമി തിരിച്ചുപിടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നുമാണ് അധികൃതരുടെ മറ്റൊരു വാദം.

Next Story

RELATED STORIES

Share it