Latest News

പത്തനംതിട്ടയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

പത്തനംതിട്ടയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍
X

പത്തനംതിട്ട: ജില്ലയില്‍ റവന്യൂ വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തിലായി. 25 പേരെ നിയമിച്ചതില്‍ രണ്ടുപേര്‍ക്ക് മാത്രം നിയമന ഉത്തരവ് നേരത്തെ ലഭിച്ചതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷത്തിന് ഉത്തരവിട്ടു. ഈ മാസം 18നാണ് പിഎസ്‌സി ശുപാര്‍ശ പ്രകാരം പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ 25 പേരുടെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിന് ഉത്തരവിട്ടത്. എന്നാല്‍, അടൂര്‍ താലൂക്ക് ഓഫിസില്‍ നിയമനം കിട്ടിയിട്ടുള്ള രണ്ടുപേര്‍ക്ക് മാത്രം ഉത്തരവ് നേരിട്ട് കൈമാറിയെന്നാണ് ആരോപണം. ഇവര്‍ 21ന് ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ബാക്കി 23 പേര്‍ക്ക് നിയമന ഉത്തരവ് ഇതുവരെ കിട്ടിയില്ല.

23ന് മാത്രമാണ് മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് തപാലിലൂടെ അയച്ചത്. ജീവനക്കാരുടെ സര്‍ക്കാര്‍ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിലെ ചില നേതാക്കന്‍മാരുടെ ഇടപെടലാണ് ക്രമക്കേടിന് പിന്നിലെന്നാണ് ആരോപണം. നിയമനം ലഭിച്ച എല്ലാവര്‍ക്കും ഒരേപോലെ ഓഫിസിലെ രഹസ്യവിഭാഗം വഴി രജിസ്‌ട്രേഡ് തപാലില്‍ ഉത്തരവ് അയയ്ക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്. ഇത് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അഖിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ചോര്‍ത്തി നല്‍കിയതെന്ന് എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് ഇരു സംഘടനകളുടെയും പ്രവര്‍ത്തകര്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരെ ഉപരോധിച്ചു. നിയമന ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യൂനിയന്‍ നേതാവ് രണ്ടുപേര്‍ക്കും നേരിട്ട് നല്‍കി. ഇതോടെ ആറ്റൂരിലെ താലൂക്ക് ഓഫിസില്‍ ഉദ്യോഗാര്‍ഥികള്‍ ജോലിക്കെത്തുകയും ചെയ്തു. അന്വേഷണം നടത്താമെന്ന കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അതേസമയം, സ്ഥിരം വിലാസത്തില്‍ നിന്ന് മാറി താമസിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ രേഖാമൂലം അറിയിപ്പ് നല്‍കിയപ്പോഴാണ് ഉത്തരവ് നേരിട്ട് കൈമാറിയതെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അഖില്‍ പ്രതികരിച്ചു.

വിവാദമായ വിഷയത്തിന് പിന്നില്‍ സംഘടനയിലെ ചിലരാണെന്നാണ് നേതൃത്വം കരുതുന്നത് എന്‍ജിഒ അസോസിയേഷന്‍ ഉപരോധത്തില്‍ എന്‍ജിഒ ജില്ലാ പ്രസിഡന്റ് അജിന്‍ ഐപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെറ്റോ ചെയര്‍മാന്‍ പി എസ് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ബിജു സാമുവല്‍, തുളസിരാധ, തട്ടില്‍ ഹരികുമാര്‍, ഷെമിം ഖാന്‍, അബു കോശി, വിഷ്ണു സലിംകുമാര്‍, ഡി.ഗീത, വിനോദ് മിത്രപുരം, പിക്കു വി സൈമണ്‍ എന്നിവര്‍ സംസാരിച്ചു. എന്‍ജിഒ സംഘ് പ്രതിഷേധം സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. പി അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, ജില്ലാ സെക്രട്ടറി ജി അനീഷ്, ഖജാന്‍ജി എം രാജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it