Sub Lead

ഇന്ത്യയുടെ പരമാധികാരത്തെ അടിയറവച്ചു; വ്യാപാര കരാറില്‍ മോദി യുഎസിന് കീഴടങ്ങി

ഇന്ത്യയുടെ പരമാധികാരത്തെ അടിയറവച്ചു;  വ്യാപാര കരാറില്‍ മോദി യുഎസിന് കീഴടങ്ങി
X

ന്യൂഡല്‍ഹി: ഇന്ത്യ എന്ത് വാങ്ങണം, എവിടെ നിന്ന് വാങ്ങണം എന്ന സ്വന്തം ഇഷ്ടങ്ങളേയും രാജ്യ താല്‍പര്യങ്ങളേയും പോലും അടിയറ വച്ചുകൊണ്ടാണ് മോദി അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു. ഇന്ത്യ റഷ്യ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുമായി നടത്തുന്ന കരാറുകള്‍ പോലും ട്രംമ്പ് ഭരണകൂടത്തിന്റെ ഭീഷണിയില്‍ റദ്ദാക്കപ്പെട്ടു. ഇന്ത്യക്കുനേരേ വിജയിച്ചാല്‍, സാമ്രാജ്യത്വ അധിനിവേശത്തിന്റെ പുതിയ ആയുധമായി ഈ ഭീഷണിരാഷ്ട്രീയം അമേരിക്ക മറ്റു രാഷ്ട്രങ്ങള്‍ക്കുനേരേയും ഉപയോഗിക്കും. വെനസ്വേലയുടെ പരമാധികാരം ലംഘിച്ച് അവിടേക്ക് കടന്നുകയറിയ അമേരിക്ക, പ്രസിഡന്റിനെ കടത്തികൊണ്ടുപോയത് ഈയിടെയാണ്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ തീരുവ ചുമത്തി ശിക്ഷിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്തു വാങ്ങണം, എവിടെനിന്ന് വാങ്ങണം, എങ്ങനെ വാങ്ങണമെന്ന ഇന്ത്യയുടെ പരമാധികാരതീരുമാനത്തിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി. ഭീഷണി സ്വരത്തിലുള്ള യുഎസിന്റെ താക്കീത് ഉഭയകക്ഷിക്കരാറിന്റെ അന്തസ്സത്ത ചോര്‍ത്തുന്നു. രാജ്യത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഈ സമീപനത്തെക്കുറിച്ച് ഇന്ത്യക്കകത്തും പുറത്തും വിമര്‍ശനം ശക്തമാണ്. എന്നാല്‍, തന്ത്രപരമായി യുഎസുമായി കരാറില്‍ ഏര്‍പ്പെട്ടത് മോദിയുടെ വിജയമാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ കൊണ്ടാടുന്നത്. യുഎസ് തീരുമാനങ്ങള്‍ക്ക് വഴങ്ങി ഇപ്പോള്‍ പ്രഖ്യാപിച്ച കരാര്‍, ഇത്രയും കാത്തിരിപ്പിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. അമേരിക്കക്ക് വഴങ്ങാനാണ് തീരുമാനമെങ്കില്‍ അത് നേരത്തെ ആവാമായിരുന്നു.

ദീര്‍ഘകാലസുഹൃത്തായ റഷ്യയുമായുള്ള ബന്ധം തുടരാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന അസാധാരണ മുന്നറിയിപ്പ് വൈറ്റ് ഹൗസ് പുറത്തുവിട്ടരേഖ വ്യക്തമാക്കുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയെന്ന് പ്രഖ്യാപിച്ച വൈറ്റ്ഹൗസ്, ഇക്കാര്യം അമേരിക്ക നിരീക്ഷിക്കുമെന്നും ലംഘിച്ചാല്‍ പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കാനും മോദി ഭരണകൂടം തയ്യാറായിട്ടില്ല. സംയുക്ത പ്രസ്താവനയിലും ഇക്കാര്യമില്ല. ചോദിച്ചപ്പോള്‍ വിദേശകാര്യമന്ത്രാലയം പ്രതികരിക്കുമെന്നാണ് വാണിജ്യമന്ത്രിയുടെ മറുപടി.

റഷ്യന്‍ എണ്ണയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് വിദേശമന്ത്രാലയം ഒഴിഞ്ഞുമാറി. ''രാജ്യത്തിന്റെ പരമാധികാരത്തിനും കമ്പോളത്തിന്റെ സാഹചര്യത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്'' എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.

ഇതേവാചകം ശനിയാഴ്ച ആവര്‍ത്തിച്ചു. അമേരിക്കയ്ക്ക് താത്പര്യമുള്ള വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് തുറന്നസമീപനമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ എണ്ണ, അമേരിക്കന്‍ ഇടപെടല്‍ വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ റഷ്യയെ പിണക്കുന്നത് ഇന്ത്യക്ക് ഗുണകരമല്ല. ലോക സാമ്പത്തികശക്തികളിലൊന്നാകാന്‍ മത്സരിക്കുന്ന ഇന്ത്യക്ക് അത് എളുപ്പവുമല്ല.

എണ്ണയില്‍ തീരുന്നതല്ല ഇന്ത്യ-യുഎസ് കരാറിന്റെ അപകടമെന്ന് ദിവസം കഴിയും തോറും വ്യക്തമായി വരുന്നുണ്ട്. കാര്‍ഷിക മേഖലക്ക് സംരക്ഷണമൊരുക്കുമെന്ന് മോദി ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ യുഎസ് കാര്‍ഷിക ഉല്‍പന്നങ്ങളും തീരുവയില്ലാതെ ഇന്ത്യന്‍ വിപണി പിടിക്കും. മത്സ്യമേഖല ഉള്‍പ്പെടെ അടിസ്ഥാന രംഗങ്ങളില്‍ കൂടുതല്‍ കമ്പോളം തുറന്നുകിട്ടുന്നതും യുഎസിന് നേട്ടമാകും. രാജ്യ താല്‍പര്യം അടിയറ വച്ചുള്ള മോദി ഭരണകൂടത്തിന്റെ നടപടി സാമ്പത്തിക മേഖലയെ ഏത് തരത്തില്‍ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Next Story

RELATED STORIES

Share it