Latest News

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: പോലിസുകാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നിര്‍ദേശം

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: പോലിസുകാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലിസുകാര്‍ക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരവും ഹാജരാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന് കൊലനടത്തിയത് തടയാന്‍ കഴിയാതിരുന്നതില്‍ പോലിസ് വഹിച്ച പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഏതാനും ചിലര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിന് ഈ നിര്‍ദേശം നല്‍കിയത്.

പോലിസുകാര്‍ക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും അവര്‍ക്കെതിരേ സ്വീകരിച്ച നടപടികളും എന്താണെന്ന് ആരാഞ്ഞ കോടതി അതിന്റെ പൂര്‍ണവിവരങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

''പോലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തിയോ? അതില്‍ നടപടി എടുത്തോ?''- വിവരങ്ങള്‍ ആരാഞ്ഞ കോടതി ചാര്‍ജ്ജ് ഷീറ്റും ആവശ്യപ്പെട്ടു.

പോലിസുകാര്‍ക്കെതിരേ നിലവില്‍ രണ്ട് ചാര്‍ജ്ജ് ഷീറ്റുകള്‍ ഉണ്ടെന്നും മൂന്നാമതൊരൊണ്ണം തയ്യാറാക്കുന്നുവെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മാധ്യമ വിവരമനുസരിച്ച് ചാര്‍ജ്ജ് ഷീറ്റ് 10,000 പേജ് വരുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

സന്യാസിമാരെ ജനക്കൂട്ടത്തിന് ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ച ജുന അഖാരയുടെ അഭിഭാഷകന്‍ പറഞ്ഞു. അതൊരു കൂട്ടക്കൊല തന്നെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പല്‍ഘാര്‍ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐയോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെയോ അന്വേഷണത്തിന് നിയോഗിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരടക്കം മൂന്നു പേരെയാണ് പല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം ഏപ്രില്‍ 16ന് കല്ലെറിഞ്ഞ് കൊന്നത്. മൂന്നാമന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്.

ഗുജറാത്തിലെ സൂറത്തിലേക്ക് ഒരു മരണാവശ്യത്തില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്ന സന്യാസിമാരായ ചിക്‌നെ മഹാരാജ് കല്‍പവൃക്ഷഗിരി (70), സുശില്‍ ഗിരി മഹാരാജ്(35), അവരുടെ ഡ്രൈവര്‍ നീലേഷ് തെല്‍ഗെയ്ഡ് (30) എന്നിവരാണ് പല്‍ഘാര്‍ ഗാഡ്ചിന്‍ചെലെ ഗ്രാമത്തില്‍ വച്ച് കൊലചെയ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സാധാരണ വഴിയില്‍ നിന്ന് മാറി മൂവരും കൊലചെയ്യപ്പെട്ട ഗ്രാമം വഴി വണ്ടി തിരിച്ചുവിടുകയായിരുന്നു. വനപ്രദേശത്തിനടുത്ത ഗ്രാമത്തിലൂടെ അസാധാരണമായി വന്ന വാഹനം ഗ്രാമവാസികളില്‍ സംശയമുയര്‍ത്തി. ആ സമയത്തുതന്നെ പ്രദേശത്ത് കുട്ടികളെ പിടിക്കുന്നവര്‍ വേഷം മാറിവരുന്നുണ്ടെന്ന വ്യാജവാര്‍ത്തയും പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 500ഓളം വരുന്ന ജനക്കൂട്ടം മൂവരെയും ആക്രമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന പോലിസുകാര്‍ ജനക്കൂട്ടത്തിനെ തടഞ്ഞില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു.

പല ഘട്ടങ്ങളിലായി നൂറില്‍ കൂടുതല്‍ പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ രണ്ട് കുറ്റപത്രങ്ങളിലായി 128 പേരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. അതില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. നേരത്തെ 11 പ്രായപൂര്‍ത്തിയാവാത്തവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നത്.

സംഭവം നടന്ന ഉടന്‍ തന്നെ സന്യാസിമാര്‍ ഉള്‍പ്പെട്ട സംഘത്തെ കൊന്നത് മുസ്‌ലിംകളാണെന്ന് സംഘപരിവാര സംഘടനകള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയതിനു ശേഷമാണ് പ്രചാരണത്തിന് അന്ത്യമായത്.

Next Story

RELATED STORIES

Share it