Latest News

ഫലസ്തീന്‍ സംവിധായകന്‍ മുഹമ്മദ് ബക്രി അന്തരിച്ചു

ഫലസ്തീന്‍ സംവിധായകന്‍ മുഹമ്മദ് ബക്രി അന്തരിച്ചു
X

തെല്‍ അവീവ്: ഫലസ്തീന്‍ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അഞ്ചു പതിറ്റാണ്ട് നിറഞ്ഞ കരിയറില്‍ അദ്ദേഹം അഭിനയം സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലികളില്‍ തന്റെ സംഭാവനകള്‍ നല്‍കി. അറബി, ഹീബ്രു ഭാഷകളില്‍ വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ ഫലസ്തീന്‍ സ്വത്വത്തെയും സംസ്‌കാരത്തെയും ഫലസ്തീന്‍ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനാണ്. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം.

വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തില്‍ നടന്ന ഇസ്രായേലി സൈനിക നടപടിയെക്കുറിച്ച് 2002ല്‍ സംവിധാനം ചെയ്ത 'ജെനിന്‍, ജെനിന്‍' എന്ന ഡോക്യുമെന്ററിയിലൂടെയാണ് ബക്രി ശ്രദ്ധേയനായത്. ഫലസ്തീന്‍ നിവാസികളുടെ ഹൃദയഭേദകമായ ദുരന്തം കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററി ഇസ്രായേല്‍ നിരോധിച്ചു. ഫലസ്തീന്‍ കുടുംബത്തിന്റെ കഥ പറഞ്ഞ് 2025ല്‍ പുറത്തിറങ്ങിയ 'ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു' എന്ന സിനിമയില്‍ ബക്രി തന്റെ മക്കളായ ആദം ബക്രി, സാലിഹ് ബക്രി എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള അക്കാദമി അവാര്‍ഡുകളുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ചിത്രം ഇടം നേടി.

വടക്കന്‍ ഇസ്രായേലില്‍ ജനിച്ച് ഇസ്രായേല്‍ പൗരത്വം നേടിയ ബക്രി സിനിമയിലും നാടകത്തിലും ഒരുപോലെ സജീവമായിരുന്നു. പലസ്തീന്‍ ജനതയുടെ ജീവിതം പ്രമേയമാക്കി നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. ഹീബ്രു ഭാഷയിലും 1980കളിലും 90കളിലും നിരവധി ഇസ്രായേലി സിനിമകളിലും അഭിനയിച്ചു. തെല്‍ അവീവ് സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഫലസ്തീന്‍ എഴുത്തുകാരനായ എമില്‍ ഹബീബിയുടെ രചനകളെ അടിസ്ഥാനമാക്കി 1986ല്‍ പുറത്തിറങ്ങിയ 'ദി പെസോപ്റ്റിമിസ്റ്റ്' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകം.

Next Story

RELATED STORIES

Share it