Latest News

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഐഎംഎഫിനെ സമീപിക്കില്ലെന്ന് പാകിസ്താന്‍

സാമ്പത്തിക പ്രതിസന്ധിക്കിടയിലും    ഐഎംഎഫിനെ സമീപിക്കില്ലെന്ന് പാകിസ്താന്‍
X
കറാച്ചി: പുതിയ സാമ്പത്തിക സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) സമീപിക്കില്ലെന്ന് പാകിസ്താന്‍ ധനകാര്യമന്ത്രി അസദ് ഉമര്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മറ്റുവഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി (കെസിസിഐ)യിലെ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഐഎംഎഫില്‍നിന്ന് പുതിയ വായ്പ എടുക്കേണ്ടതില്ലെന്നു ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സാമ്പത്തിക തകര്‍ച്ചയില്‍നിന്നു രാജ്യത്തെ രക്ഷിക്കുന്നതിന് മറ്റു വഴികള്‍ തേടാനാണ് തീരുമാനമെന്നും ഉമര്‍ വ്യക്തമാക്കി.

അതേസമയം, ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ ഐഎംഎഫ് മുന്നോട്ടുവച്ച സാഹചര്യത്തിലാണ് അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കേണ്ടതില്ലെന്ന് പാകിസ്താന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടുചെയ്തു. 60 ബില്യണ്‍ (6000 കോടി) അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ വിവരങ്ങള്‍ പാക് ഭരണകൂടം രഹസ്യമായി സൂക്ഷിച്ചുവരികയാണ്.

ഐഎംഎഫിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ചൈനയുടെ കടംവീട്ടാന്‍ പാകിസ്താനെ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നിലപാടുമാറ്റം. സൗദി അറേബ്യ, ചൈന. യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കങ്ങള്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായശേഷം പാകിസ്താന്‍ നടത്തിയിരുന്നു. പകിസ്താന് സഹായം നല്‍കാമെന്ന് ചൈന അടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it