Latest News

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; എട്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; എട്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലെ എട്ടിടങ്ങളില്‍ അതീവ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശ്ശേരി, മൂന്നാര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അള്‍ട്രാവയലറ്റ് സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ധര്‍മ്മടം, ഉദുമ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യപ്രകാശം ദീര്‍ഘനേരം ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ചര്‍മരോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ യുവി കിരണങ്ങളുടെ തീവ്രത ഏറ്റവും കൂടുതലായതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, ജലഗതാഗത മേഖലയിലുള്ളവര്‍ എന്നിവര്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. ചര്‍മരോഗം, ക്യാന്‍സര്‍, രോഗപ്രതിരോധ ശേഷി കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം പൂര്‍ണമായി മൂടുന്ന ഇളം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജലാശയങ്ങള്‍, മണല്‍പ്പരപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ പ്രതിഫലനം കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരത്തിലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it