Latest News

ആര്‍കോം വായ്പാ തട്ടിപ്പ്; 73,000 കോടി രൂപയുടെ ക്രമക്കേട്, അനില്‍ അംബാനിക്കെതിരേ ഏഴു കേസുകള്‍

ആര്‍കോം വായ്പാ തട്ടിപ്പ്; 73,000 കോടി രൂപയുടെ ക്രമക്കേട്, അനില്‍ അംബാനിക്കെതിരേ ഏഴു കേസുകള്‍
X

ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) 73,000 കോടി രൂപയുടെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഏഴു വ്യത്യസ്ത കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു. ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുെട പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലെ വിവരങ്ങള്‍ തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വെളിപ്പെടുത്തുകയായിരുന്നു. ഏകദേശം 73,006 കോടി രൂപയുടെ നഷ്ടമാണ് വിവിധ ഏജന്‍സികളുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം കണ്ടെത്തിയിരിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) പ്രത്യേക റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കേസിന്റെ അന്വേഷണം വൈകുന്നതില്‍ നേരത്തെ സിബിഐയെയും ഇഡിയെയും സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 31,580 കോടി രൂപ വായ്പയായി നേടിയ ആര്‍കോം, ചട്ടവിരുദ്ധമായി പണം വിനിയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മുന്‍ കേന്ദ്ര സെക്രട്ടറി ഇഎഎസ് ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രിംകോടതിയുടെ ഇടപെടല്‍.

Next Story

RELATED STORIES

Share it