Latest News

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രം; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രം; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം; സംസ്ഥാനത്തു കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്നും രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 20നും 30നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇപ്പോള്‍ രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നത്.

കൊവിഡ് വ്യാപനം നേരിടാന്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമാണ്. ആശുപത്രികളില്‍ മതിയായ എല്ലാ സൗകര്യങ്ങളുമുണ്ട്. തീവ്രപരിചരണവും വെന്റിലേറ്ററും ആവശ്യമുള്ള രോഗികളുടെ എണ്ണം കുറവാണ്. നിലവില്‍ സംസ്ഥാനത്തെ കൊവിഡ്, നോണ്‍കൊവിഡ് ഐ.സി.യുവില്‍ 42.7 ശതമാനം കിടക്കകളില്‍ മാത്രമേ ഇപ്പോള്‍ രോഗികള്‍ ഉള്ളൂ. 57 ശതമാനം ഒഴിവുണ്ട്. വെന്റിലേറ്റര്‍ ഉപയോഗം 14 ശതമാനം മാത്രമാണ്. വെന്റിലേറ്ററുകളില്‍ 86 ശതമാനം ഒഴിവുണ്ട്. കഴിഞ്ഞയാഴ്ച ചികിത്സയിലുള്ളതില്‍നിന്ന് 0.7 ശതമാനം പേര്‍ക്കു മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായിവന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികളിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു പ്രത്യേക ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. 15 വയസിനു മുകളിലുള്ള കുട്ടികളില്‍ 68 ശതമാനം പേര്‍ക്കു വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ സെഷനുകള്‍ നടത്താന്‍ കഴിയുന്നില്ല. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന കുട്ടികള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കുന്നതിനുവേണ്ടിയാണു പ്രത്യേക ക്യാംപെയിന്‍ ആലോചിക്കുന്നത്. 18നു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 84 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റുകളാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രികളും ഡി.പി.എം.എസ്.യുകളുമായുള്ള ആശയ വിനിമയം സുഗമമാക്കുന്നതിനാണ് പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്.

Next Story

RELATED STORIES

Share it