Latest News

എന്‍ആര്‍സി: 'നുഴഞ്ഞുകയറ്റക്കാരെ' തുരത്താനുള്ള അപ്രഖ്യാപിത നീക്കം

എന്‍ആര്‍സി: നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള അപ്രഖ്യാപിത നീക്കം
X

ന്യൂഡല്‍ഹി: അക്ഷരത്തെറ്റുകളും ജനനത്തിയ്യതിയിലെ പിശകുകള്‍ പോലും തങ്ങളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് തള്ളിവിടുമെന്ന ഭീഷണിയിലാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനത. ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ ഇവിടെനിന്നു തുടച്ചുനീക്കപ്പെടുമെന്ന കാര്യം ഇപ്പോള്‍ മറ്റാരേക്കാളും ബിഹാറുകാര്‍ക്കറിയാം. മുസ് ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാകുന്ന മോദിയുടെ എന്‍ആര്‍സി പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന ആയിരക്കണക്കിന് മുസ് ലിം തൊഴിലാളികള്‍ ഇതിനകം തന്നെ കസ്റ്റഡിയിലാണ്. ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 80ദശലക്ഷം പേരുടെ രേഖകളാണ് സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുകേട്ട് പരിഭ്രാന്തരായ പശ്ചിമ ബംഗാളിലെ മുസ് ലിംകള്‍ തങ്ങളുടെ രേഖകള്‍ തിരുത്തുന്നതിനും പുതുക്കുന്നതിനുമായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസുകളില്‍ വരി നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

2025 ജൂണ്‍ 25ന്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50 വര്‍ഷം അനുസ്മരിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍, സംവിധാന്‍ ഹത്യ ദിവസ് ആചരിച്ചു.1975നും 1977 നും ഇടയില്‍ 21 മാസത്തെ അടിയന്തരാവസ്ഥയില്‍ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ എങ്ങനെ റദ്ദാക്കപ്പെട്ടു എന്ന് മോദിയും മറ്റ് ഉന്നതോദ്യോഗസ്ഥരും ബിജെപി നേതാക്കളും ഇന്ത്യയെ ഓര്‍മിപ്പിച്ചു. എന്നാല്‍, അതേ ദിവസം തന്നെ, കിഴക്കന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍, പരിജയീ ശ്രമിക് ഐക്യ മഞ്ചി(കുടിയേറ്റ തൊഴിലാളി ഐക്യ ഫോറം അല്ലെങ്കില്‍ പിഎസ്എഎം)ന്റെ വോളണ്ടിയര്‍മാര്‍ക്ക് രാത്രി വൈകുവോളം നിരവധി വിളികളാണ് വന്നത്. ആദ്യത്തെ വിളികളത്രയും വന്നത്, അയല്‍ സംസ്ഥാനമായ ഒഡീഷയില്‍നിന്നാണ് .വടക്കന്‍ പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്ന് കുടിയേറിയ 60 ഓളം തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു എന്നതായിരുന്നു സാരാംശം. തുടര്‍ന്ന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ആളുകളെ തടങ്കലില്‍ വച്ചതായുള്ള വാര്‍ത്തകള്‍ വന്നു.

പശ്ചിമ ബംഗാളിന്റെ തീരദേശ പ്രദേശമായ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ പതിനേഴു പേരെ ഭുവനേശ്വറിലെ ഖാര്‍വേല്‍ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ തടവിലാക്കി. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നു പോലിസ് ആളുകളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരില്‍ തെരുവ് കച്ചവടക്കാരും ഉള്‍പ്പെടുന്നു. ഒഡീഷയുടെ തീരദേശ ജില്ലയായ ബാലേശ്വറിലെ റെമുനയിലും പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലും സമാന രീതിയില്‍ ആളുകള്‍ കസ്റ്റഡിയിലായി.

കസ്റ്റഡിയിലായ തൊഴിലാളികള്‍ സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖകളില്‍ പോലിസ് തൃപ്തരല്ലെങ്കില്‍, പരിശോധനക്കായി അവര്‍ക്ക് തടവുകാരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. അതുവരെ, സംശയിക്കപ്പെടുന്നവര്‍ തടങ്കലില്‍ തന്നെ തുടരും.പിഎസ്എഎം വളണ്ടിയര്‍മാര്‍ പറയുന്നതനുസരിച്ച്, ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

പൗരത്വ നിയമം , മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ , ഗോസംരക്ഷണം, ആള്‍ക്കൂട്ട കൊലപാതകം എന്നിവ മുതല്‍ മിശ്രവിവാഹത്തിനുള്ള നിയന്ത്രണങ്ങള്‍ വരെ, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുസ് ലിംകളെ രണ്ടാംതരം പൗരന്മാരായി തോന്നിപ്പിക്കുന്നതിന്റെ മോദി മാതൃകകളാണ്. ദേശീയത പരിശോധനയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ആദ്യ ബാച്ച് ബംഗാളി സംസാരിക്കുന്ന മുസ് ലിംകളാണ് എന്നതാണ് വസ്തുത.

ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന മുസ് ലിംകളെ ദിവസങ്ങളോളം വിവേചനരഹിതമായി തടങ്കലില്‍ വച്ചതായി റിപോര്‍ട്ടുകള്‍ വന്നു. മഹാരാഷ്ട്ര പോലിസ് ഏഴ് പശ്ചിമ ബംഗാള്‍ നിവാസികളെ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കൈമാറിയതായും, തോക്ക് ചൂണ്ടി ബംഗ്ലാദേശിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

2025 ഫെബ്രുവരിയിലാണ് ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള രാജ്യവ്യാപകമായ നീക്കത്തിന് വേഗം വര്‍ധിച്ചത്. ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ കര്‍ശനമായി നേരിടാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലിസിനോട് ഉത്തരവിട്ടതോടെയാണ് ഇത് സംഭവിച്ചത്.

ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനം ബംഗാളി സംസാരിക്കുന്ന മുസ് ലിംകളാണ്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി ഒരു പുതിയ പൗരത്വ നയം അവതരിപ്പിച്ചതോടെയാണ് മുസ് ലിംകളുടെ പൗരത്വത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം ആരംഭിച്ചത്. 2014 ഫെബ്രുവരിയില്‍, അസമിലെ സില്‍ച്ചാറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ, അന്നത്തെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന മോദി, 'മറ്റ് രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്ന' ഹിന്ദുക്കളോട് ഇന്ത്യക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു പറഞ്ഞത്.ഹിന്ദു കുടിയേറ്റക്കാരെയും മുസ് ലിം കുടിയേറ്റക്കാരെയും കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടുകള്‍ ഇതോടെ വ്യക്തമായി. മോദിക്ക്, ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാര്‍ 'അഭയാര്‍ഥികളും മുസ് ലിംകള്‍'നുഴഞ്ഞുകയറ്റ'ക്കാരുമാണ്.

2019 ഏപ്രിലില്‍ പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നടത്തിയ പ്രസംഗത്തില്‍ അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ നടപടിക്രമങ്ങള്‍ വ്യക്തമാക്കി .'ആദ്യം, പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരും,' എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കും. അതിനുശേഷം എന്‍ആര്‍സി നടപ്പിലാക്കും. അതിനാല്‍, അഭയാര്‍ഥികള്‍ വിഷമിക്കേണ്ടതില്ല.'എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

2019ല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുകയും 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ആര്‍സി വിജ്ഞാപനം ചെയ്യുകയും ചെയ്തു. 2024 ജൂണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മോദി അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, ബംഗ്ലാദേശ് വിരുദ്ധത ശക്തി പ്രാപിച്ചു. 2024 ഓഗസ്റ്റില്‍, ഒഡീഷയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി സംസ്ഥാനവ്യാപകമായി ഒരു സര്‍വേ നടത്തുമെന്ന് പ്രഖ്യാപിച്ചു . 2024 ഒക്ടോബര്‍നവംബര്‍ മാസങ്ങളിലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ എന്ന രീതിയില്‍ തീവ്രമായ പ്രചാരണങ്ങള്‍ നടന്നു .

ഈ വര്‍ഷം, ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിനുശേഷം ബംഗ്ലാദേശ് വിരുദ്ധ നീക്കം കൂടുതല്‍ ശക്തമാക്കി. ജനന സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി രേഖകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, 1971ന് മുമ്പുള്ള വോട്ടര്‍ പട്ടികയിലുള്ള പേരുകള്‍ അല്ലെങ്കില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാരോ സബ്ഡിവിഷണല്‍ ഓഫിസര്‍മാരോ നല്‍കിയ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി പല കുടുംബങ്ങള്‍ക്കും ഇല്ലാത്ത രേഖകളാണ് അവര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നത്. മറ്റൊന്ന് 2003ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത ഓരോ വ്യക്തിയും പൗരത്വത്തിന് പുതിയ തെളിവ് ഹാജരാക്കേണ്ടതുണ്ട് എന്നതാണ്. അവര്‍ ചോദിക്കുന്ന രേഖകള്‍ തയ്യാറാക്കിയില്ലെങ്കില്‍ പുറത്താകേണ്ടി വരുന്ന അവസ്ഥ. വലിയ തോതിലുള്ള അവകാശ നിഷേധത്തിനാണ് ഈ നടപടി വഴിവയ്ക്കുക.

Next Story

RELATED STORIES

Share it