Latest News

അഹമ്മദാബാദ് വിമാനപകടത്തില്‍ പൈലറ്റുമാരെ ആരും കുറ്റപ്പെടുത്തുന്നില്ല: സുപ്രിംകോടതി

അഹമ്മദാബാദ് വിമാനപകടത്തില്‍ പൈലറ്റുമാരെ ആരും കുറ്റപ്പെടുത്തുന്നില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനപകടവുമായി ബന്ധപ്പെട്ട് ആരും പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിലെ പൈലറ്റുമാരിലൊരാളായ സുമീത് സബര്‍വാളിന്റെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്.

'അഹമ്മദാബാദ് വിമാനദുരന്തം അതീവ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍, മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം പേറേണ്ട സാഹചര്യമില്ല,' ജസ്റ്റിസ് സൂര്യകാന്ത് ഹരജിക്കാരനോട് പറഞ്ഞു. എയര്‍ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും, 'ഇന്ധനനിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത് ആരെന്ന് ചോദിക്കുമ്പോള്‍, താനല്ല' എന്നാണ് നിങ്ങളുടെ മകന്‍ മറുപടി പറഞ്ഞത്' ജസ്റ്റിസ് ജോയ്മല്യ ബാച്ചി പറഞ്ഞു.

വാള്‍ സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള ചില വിദേശ മാധ്യമങ്ങള്‍ സംഭവം സംബന്ധിച്ച് നടത്തിയ റിപോര്‍ട്ടിങ്ങിനെയും സുപ്രിംകോടതി വിമര്‍ശിച്ചു. വിദേശമാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഹരജിക്കാരന്റെ അഭിഭാഷകനായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍, വിമാനപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അപാകതകളുണ്ടെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരന് ജുഡീഷ്യല്‍ അന്വേഷണ ഹരജിയുമായി മുന്നോട്ട് പോകാമെന്നും, ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.

ജൂണ്‍ 12നായിരുന്നു അഹമ്മദാബാദ് വിമാനപകടം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ പറന്നുയര്‍ന്നതിനു വെറും 32 സെക്കന്‍ഡിനുള്ളിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ 260 പേര്‍ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it