Latest News

'രണ്ട് സഭയിലുമായി നൂറ് തികച്ചില്ല': കോണ്‍ഗ്രസ്സിനെതിരേ പരിഹാസവുമായി നരേന്ദ്ര മോദി

രണ്ട് സഭയിലുമായി നൂറ് തികച്ചില്ല: കോണ്‍ഗ്രസ്സിനെതിരേ പരിഹാസവുമായി നരേന്ദ്ര മോദി
X

ഫോര്‍ബെസ്ഗഞ്ച്: പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി കോണ്‍ഗ്രസ്സിന് 100 അംഗങ്ങള്‍ തികച്ചില്ലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയും രാജ്യസഭയും സംയോജിപ്പിച്ചാല്‍ പോലും നൂറ് എംപിമാരെ തികക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്- മോദി പരിഹസിച്ചു. കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് നൂറിനു താഴേക്ക് അവരുടെ അംഗസംഖ്യ പരിമിതിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് 9 സ്ഥാനാര്‍ത്ഥികള്‍ കൂടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ എന്‍ഡിഎയുടെ അംഗസംഖ്യ 100 കടന്നിരുന്നു.

നിലവില്‍ രാജ്യസഭയില്‍ ഭരണകക്ഷിക്ക് 104 സീറ്റാണ് ഉള്ളത്. അംഗസംഖ്യയില്‍ പകുതിയാവാന്‍ 121 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അത് പ്രശ്‌നാധിഷ്ടിത പിന്തുണ നല്‍കുന്ന എഐഎഡിഎംകെ, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍കോണ്‍ഗ്രസ് എന്നിവരില്‍ നിന്ന് ലഭിക്കും.

അതേസമയം 242 അംഗ രാജ്യസഭയില്‍ കോണ്‍ഗ്രസ്സിന് 38 സീറ്റുകള്‍ മാത്രമേയുള്ളൂ. ചരിത്രത്തിലെ ഏറ്റവും കുറവ് അംഗസംഖ്യയാണ് ഇത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന് രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ആ സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി.

ലോക്‌സഭയിലും രാജ്യസഭയിലുമായി നിലവില്‍ കോണ്‍ഗ്രസ്സിന് 89 സീറ്റാണ് ഉളളത്.

2014 ല്‍ അധികാരത്തില്‍ നിന്നു പുറത്തുപോയശേഷം കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ അംഗബലത്തിലുണ്ടാവുന്ന ഏറ്റവും വലിയ വ്യത്യാസമാണ് ഇത്.

കോണ്‍ഗ്രസ്സിന് 14 പ്രധാന സംസ്ഥാനങ്ങളില്‍ നിന്നും എംപിമാര്‍ പോലുമില്ല. പല പാര്‍ട്ടികളുടെയും പ്രധാന കേന്ദ്രമായി കരുതപ്പെടുന്ന യുപിയില്‍ നിന്ന് കോണ്‍ഗ്രസ്സിന് ഒരു ലോക്‌സഭാ അംഗം മാത്രമാണ് ഉള്ളത്- പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി.

Next Story

RELATED STORIES

Share it