Latest News

ഒരു കൊവിഡ് കേസുമില്ലാതെ സംപൂജ്യരായി ലക്ഷദ്വീപ്

ലക്ഷദ്വീപ് നിവാസികളായ 31 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്. പരിശോധിച്ച എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു

ഒരു കൊവിഡ് കേസുമില്ലാതെ സംപൂജ്യരായി ലക്ഷദ്വീപ്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 50 ലക്ഷത്തോടടുക്കുമ്പോഴും ഒറ്റ കൊവിഡ് രോഗികളുമില്ലാതെ സംപൂജ്യരായി ലക്ഷദ്വീപ്. ഇവിടെ ഒരാള്‍ക്കു പോലും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് രോഗികളില്ലാത്ത ലോകത്തെ അപൂര്‍വ്വ പ്രദേശങ്ങളിലൊന്നു കൂടിയായി ലക്ഷദ്വീപ് മാറി.

കഴിഞ്ഞ ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗബാധ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഓരോ ദിവസവും രേഖപ്പെടുത്തപ്പെടുന്നത്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതും മരണനിരക്കില്‍ ഒന്നാമതുമാണ് ഇന്ത്യയുടെ സ്ഥാനം. അവിടെയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഒരൊറ്റ കൊവിഡ് രോഗികളുമില്ലാതെ വേറിട്ടു നില്‍ക്കുന്നത്. ലക്ഷദ്വീപ് നിവാസികളായ 31 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്. പരിശോധിച്ച എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു. കൊച്ചിയിലായിരുന്നു പരിശോധന. കര്‍ശന നിയന്ത്രണങ്ങളാണ് ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയത്. സമഗ്രമായ കൊവിഡ് പരിശോധനയാണ് വൈറസിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ലക്ഷദ്വീപിനെ സഹായിച്ചതെന്ന് ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ എസ് സുന്ദര വടിവേലു പറയുന്നു.

നടപടികളില്‍ ഏറ്റവും പ്രധാനം ലക്ഷദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ട തുടക്കത്തില്‍ തന്നെ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. കൂടാതെ യാത്രക്കാര്‍ക്ക് കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it