Latest News

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച; പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍

കഴിഞ്ഞ മാസം 12 നാണ് തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവര്‍ ട്രെയിനില്‍ കവര്‍ച്ചക്ക് ഇരയായത്.

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച; പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. മൂന്ന് പേരെയാണ് കേരളത്തില്‍ നിന്നുള്ള റെയില്‍വേ പോലിസ് പിടികൂടിയത്. സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. ബംഗാള്‍ സ്വദേശികളായ ഇവരെ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 12 നാണ് തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവര്‍ ട്രെയിനില്‍ കവര്‍ച്ചക്ക് ഇരയായത്.

കോയമ്പത്തൂരില്‍ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവര്‍ മൊഴി നല്‍കി. കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പോലിസിന് നല്‍കിയ മൊഴി. ബോധരഹിതരായ മൂവരും തിരുവനന്തപുരത്തെത്തിയപ്പോഴാണ് മയക്കം വിട്ട് ഉണരുന്നതും കവര്‍ച്ചയ്ക്ക് ഇരയായത് അറിയുന്നത്. സ്വര്‍ണവും പണവും മൂന്ന് മൊബൈല്‍ ഫോണുകളുമായിരുന്നു ഇവര്‍ക്ക് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ട്രെയിനില്‍ സ്ഥിരമായി കവര്‍ച്ച നടത്തുന്ന അസ്‌കര്‍ പാഷ എന്നയാളെ കേന്ദ്രീകരിച്ചായിരുന്നു റെയില്‍വേ പോലിസിന്റെ ആദ്യ ഘട്ട അന്വേഷണം. എന്നാല്‍, ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് ഈ പ്രതികളിലെത്തിച്ചേര്‍ന്നത്. ഇതില്‍ അലിയെന്നയാള്‍ ട്രെയിനില്‍ സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്നു. അലിക്ക് നാഗര്‍കോവിലില്‍ ട്രെയിന്‍ മോഷണക്കേസുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞായിരുന്നു അന്വേഷണം. ഇതോടെയാണ് മറ്റ് പ്രതികളിലേക്കും എത്തിയത്. പ്രതികളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഇവരെ തിരിച്ചറിയുന്ന മുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it