Latest News

മനം മയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്ത് വിലങ്ങന്‍

മനം മയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്ത് വിലങ്ങന്‍
X

തൃശൂര്‍: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിലങ്ങന്‍കുന്ന് സഞ്ചാരികളെ കാത്തിരിക്കുന്നു. തൃശൂരിന്റെ നഗരസൗന്ദര്യത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധകാല ചരിത്രവും പറയുന്ന വിലങ്ങന്‍ മനംമയക്കുന്ന വിസ്മയ കാഴ്ചയാണ്.


ഒട്ടേറെ വിനോദ ഉപാധികളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഔട്ട് ഡോര്‍ തിയറ്ററും കുട്ടികള്‍ക്കായി വാഗന്‍ വീല്‍ ഉള്‍പ്പടെയുള്ള ഒരു പാര്‍ക്കും സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകും. കൂടാതെ കുടുംബശ്രീയുടെ കാന്റീന്‍, വിലങ്ങന്‍ ട്രക്കേഴ്‌സ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തുന്ന അശോകവനവും വിലങ്ങനിലുണ്ട്. എല്ലാ സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാണെന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. 2 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിലങ്ങനില്‍ നടത്തിയത്.

പതിമൂന്നോളം പുതിയ ഉല്ലാസ ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുന്നിലെ വലിയ സ്‌ക്രീനില്‍ തെളിയുന്ന അതേ സീനുകളുടെ 'ഇഫക്റ്റ്' സമ്മാനിക്കുന്ന 16 ഡി തിയറ്ററാണ് പാര്‍ക്കിലെ മറ്റൊരാകര്‍ഷണം. 180 ഡിഗ്രിയില്‍ തിരിയുന്ന സീറ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വെള്ളച്ചാട്ടവും മഞ്ഞും സുഗന്ധവുമെല്ലാം തിയറ്ററില്‍ പ്രേക്ഷകര്‍ക്ക് അനുഭവിക്കാനാകും. അത്ഭുതങ്ങളുടെ 'ഹൊറര്‍ ഹൗസ്' ആണ് രണ്ടാമത്തെ താരം ഇതിനൊപ്പം യന്ത്ര ഊഞ്ഞാല്‍ എന്നു വിശേഷിപ്പിക്കുന്ന വാഗണ്‍ വീലാണ് കുരുന്നുകളെ സ്വാഗതം ചെയ്യുന്ന പുത്തന്‍ കളി ഉപകരണങ്ങളിലൊന്ന്.

കൂറ്റന്‍ ബലൂണ്‍ പാര്‍ക്കിന്റെ നിര്‍മാണവും പൂര്‍ത്തിയായി. 800 മീറ്റര്‍ നീളത്തില്‍ മരങ്ങള്‍ക്കിടയിലൂടെ വീല്‍ചെയറുകള്‍ക്ക് കൂടി കടന്നു പോകാവുന്ന തരത്തിലാണ് നടപ്പാതകള്‍ ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് ശുചിമുറി. വീല്‍ ചെയര്‍ കടക്കാന്‍ കഴിയും വിധം വീതിയുള്ള വാതിലും ഹാന്റ് റെയിലുകളും ശുചിമുറികളിലുണ്ട്. വാഷ് ബേസിന്റെ ഉയരം ക്രമീകരിച്ചിട്ടുള്ളതും ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ്. തൃശൂര്‍ നഗരത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന നാലു വ്യൂ പോയിന്റുകളും വിലങ്ങനെ മനോഹരമാക്കുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ കൂടി സ്ഥാപിച്ചതോടെ വിലങ്ങന്‍ എപ്പോഴും പ്രകാശമയമാണ്. 20 രൂപയാണ് വിലങ്ങനിലേക്കുള്ള പ്രവേശന ഫീസ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സമയം. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശനം.

Next Story

RELATED STORIES

Share it