Latest News

കൊവിഡ് നിയന്ത്രണം: വയനാട് ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡ് നിയന്ത്രണം: വയനാട് ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗം തീരുമാനിച്ചു. രോഗവ്യാപനം കുറക്കുന്നതിനായി സമ്പര്‍ക്ക പട്ടികകള്‍ തയ്യാറാക്കുന്ന പ്രക്രിയ ഊര്‍ജിതമാക്കാനും ഇതിനായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പരിശോധനകളടെ എണ്ണം വര്‍ധിപ്പിക്കാനും എന്‍ഫോഴസ്‌മെന്റ് നടപടികള്‍ ഫലപ്രദമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനായി ആശുപത്രി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പൂര്‍ണ സജ്ജമാക്കുകയും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുകയും വേണം. മൂന്നാം തരംഗത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജില്ലയിലെ ശിശുരോഗ വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുകയും അവരുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

കൊവിഡ് പ്രതിരോധ രംഗത്ത് ജില്ലാ ഭരണകൂടവും ജില്ലാ കലക്ടറും ആരോഗ്യ വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കുന്ന നടപടികളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അമിത ആത്മവിശ്വാസം ഉണ്ടാവരുതെന്നും അദ്ദേഹം ഉണര്‍ത്തി. ടൂറിസം രംഗത്ത് വയനാട്ടിലേക്ക് ആഗോള ശ്രദ്ധ പതിഞ്ഞുവരുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കാത്ത നിലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ ആര്‍.ആര്‍.ടികള്‍ സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയതായി യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 45 വയസ്സിനു മുകളിലുള്ളവരുടെ പൊതുവിഭാഗത്തില്‍ 100 ശതമാനം പേരും ആദിവാസി വിഭാഗത്തില്‍ 92 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 18 നും 44 നും ഇടയിലുള്ളവരുടെ വിഭാഗത്തില്‍ ഇത് യഥാക്രമം 26 ശതമാനവും 38 ശതമാനവുമാണ്. ജില്ലയിലെ 18 വയസ്സിനു മുകളിലുള്ളവരുടെ ആകെ ജനസംഖ്യയില്‍ 62 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, സര്‍വെലന്‍സ് ഓഫീസര്‍ ഡോ. സൗമ്യ, ഡി.പി.എം ഡോ. അഭിലാഷ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ഷാജിന്‍ ജോണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ചെറിയാന്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it