Latest News

ആരോഗ്യത്തിലേക്ക് ഒരു സൈക്കിള്‍ സവാരി: ഇത് 'ശ്രീകുമാര്‍ ചലഞ്ച്'

ആരോഗ്യത്തിലേക്ക് ഒരു സൈക്കിള്‍ സവാരി: ഇത് ശ്രീകുമാര്‍ ചലഞ്ച്
X

തൃശൂര്‍: കൊവിഡ് കാലത്ത് ആരോഗ്യത്തിലേക്ക് ഒരു സൈക്കിള്‍ സവാരി നടത്തുകയാണ് ഒരു ആരോഗ്യപ്രവര്‍ത്തകന്‍.പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശ്രീകുമാറാണ് കോവിഡ് കാലം ആരോഗ്യകരമാക്കാന്‍ സൈക്കിളില്‍ സഞ്ചരിച്ച് ജോലിക്കെത്തുന്നത്. സൈക്കിള്‍ സവാരിയിലൂടെ സ്വയസുരക്ഷ ഒരുക്കുവാനും ഇതുവഴി സാധിക്കുമെന്ന് ശ്രീകുമാര്‍ പറയുന്നു. അത്തരത്തില്‍ ഒരു വര്‍ഷത്തോളമായി പൊതുസമ്പര്‍ക്കം ഒഴിവാക്കിയാണ് ശ്രീകുമാര്‍ ജോലിക്കെത്തുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി പുത്തന്‍ചിറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ് ശ്രീകുമാര്‍. കൊവിഡ് തുടങ്ങിയത് മുതല്‍ സൈക്കിളിലാണ് നാല്‍പ്പതുകാരനായ ശ്രീകുമാറിന്റെ യാത്ര. ദിവസവും 30 കിലോമീറ്ററാണ് ശ്രീകുമാര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നത്.രാവിലെ 7.30ന് കുഴൂര്‍ പഞ്ചായത്തിലെ ഐരാണിക്കുളത്തെ വീട്ടില്‍ നിന്നും സൈക്കിള്‍ ചവിട്ടി 9 മണിയോടെപുത്തന്‍ചിറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തും. ഒന്നര മണിക്കൂര്‍ നേരത്തെ വ്യായാമം.ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയും സൈക്കിളില്‍ തന്നെ. നേരത്തെ ബസിലായിരുന്നു യാത്ര. പിന്നീട് ബൈക്കിലായി. എന്നാല്‍ കൊവിഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് മൂലം സൈക്കിളില്‍ ജോലിക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ശ്രീകുമാര്‍ ഈ സൈക്കിള്‍ യാത്ര തുടരുകയാണ്. ശ്രീകുമാറിന്റെ സൈക്കിള്‍ ചലഞ്ച് സഹപ്രവര്‍ത്തകര്‍ കൂടി ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഉഷാറായി. സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബ്ടെക്‌നീഷ്യന്മാരായ ഡെല്‍ഫിയും രഞ്ജിതയും കൂടെ ശ്രീകുമാറിന്റെ സൈക്കിള്‍ ചലഞ്ചിന് ഇപ്പോള്‍ കൂട്ടായുണ്ട്. 'സൈക്കിള്‍ ഒരു അഡിക്റ്റായി മാറി എന്നുള്ളതാണ് സത്യം. ഒരു വേറിട്ട രീതി എന്ന നിലയില്‍ തുടങ്ങിയതാണെങ്കിലും ഇന്ന് ഇതിന്റെ മഹത്വവും ശാരീരികസുഖവും എന്തെന്ന് തിരിച്ചറിയുന്നു'വെന്ന് ശ്രീകുമാര്‍.

ഇന്ധന വിലയ്ക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാക്കി തന്റെ സൈക്കിള്‍ യാത്രയെ മാറ്റിയെടുത്തിരിക്കുകയാണ് ശ്രീകുമാര്‍. ഇതിനായി സഹപ്രവര്‍ത്തകരെ അണിചേര്‍ത്ത് സീറോ ഫ്യുവല്‍ ചലഞ്ച് എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഇതുവഴി ആരോഗ്യകേന്ദ്രത്തിലെ കീഴ് ജീവനക്കാര്‍ മുതല്‍ മേലുദ്യോഗസ്ഥരെ വരെ സൈക്കിള്‍ ചലഞ്ചിലേക്ക് ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിന്റെയും തന്റെയും സുരക്ഷ കണക്കിലെടുത്ത് ആരംഭിച്ചതാണെങ്കിലും ഈ ശ്രീകുമാര്‍ ചലഞ്ച് ഏവര്‍ക്കും മാതൃകാപരമാണ്.

Next Story

RELATED STORIES

Share it