Latest News

സ്‌പെഷ്യൽ തപാൽ വോട്ട്: കൊവിഡ് ബാധിതരുടെ പട്ടിക നവംബർ 29 മുതൽ തയ്യാറാക്കും

സ്‌പെഷ്യൽ തപാൽ വോട്ട്: കൊവിഡ് ബാധിതരുടെ പട്ടിക നവംബർ 29 മുതൽ തയ്യാറാക്കും
X

തൃശൂർ: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും.

ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിന്നും തൃശൂർ ജില്ലയിലുള്ളവർ ഉൾപ്പെടുന്ന ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ജില്ലയിലെ ഡെസിഗ്‌നേറ്റ്ഡ് ഹെൽത്ത് ഓഫീസർ നവംബർ 29ന് തയ്യാറാക്കണം. ഇത് കൂടാതെ ഡിസംബർ ഏഴുവരെയുള്ള തിയതികളിൽ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനിൽ ഉള്ളവരുടെയും ലിസ്റ്റും തയ്യാറാക്കണം. തുർന്ന് ഒമ്പത് ജില്ലകളിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സർട്ടിഫൈഡ് ലിസ്റ്റുകൾ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും അതേ ദിവസംതന്നെ അറിയിക്കണം. ഇത്തരത്തിൽ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ മറ്റ് ജില്ലകളിൽ കഴിയുന്ന സ്‌പെഷ്യൽ വോട്ടർമാർ ഉൾപ്പെടുന്ന സർട്ടിഫൈഡ് ലിസ്റ്റ് അതത് ദിവസങ്ങളിൽ ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.

ഈ പട്ടിക സ്‌പെഷ്യൽ വോട്ടറുൾപ്പെടുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതാത് ദിവസം തന്നെ നൽകണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുള്ള പോസ്റ്റൽ ബാലറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾ അയച്ച് കൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. ഡിസംബർ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ ഡിസംബർ ഒന്നിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.

Next Story

RELATED STORIES

Share it