Latest News

കുവൈത്തില്‍ ശീതകാല വാക്‌സിനേഷന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

കുവൈത്തില്‍ ശീതകാല വാക്‌സിനേഷന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ശീതകാല വാക്‌സിനേഷന്‍ പ്രചാരണം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് (ഇന്‍ഫ്‌ലുവന്‍സ), ബാക്ടീരിയ എന്നിവ മൂലം ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങളും അനുബന്ധ അസുഖങ്ങളും തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ സ്വദേശികളെ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്ത് ശൈത്യ കാലത്ത് സാധാരണ അനുഭവപ്പെടുന്ന രോഗങ്ങള്‍, കൊറോണ പശ്ചാത്തലത്തില്‍ ഇത്തവണ വര്‍ദ്ധിക്കുവാനും ഇത് മൂലം അപകട സാധ്യത ഉയരുവാനും കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു വാക്‌സിനേഷന്‍ പ്രചാരണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ എണ്ണം അന്‍പതിനായിരം ഡോസില്‍ നിന്നും ഒരു ലക്ഷത്തി അറുപതിനായിരമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ആരോഗ്യ പ്രതിരോധ കേന്ദ്രങ്ങളിലെ 40 ലധികം വാക്‌സിനേഷന്‍ സൈറ്റുകളിലും ആഭ്യന്തര മന്ത്രാലയം , നാഷണല്‍ ഗാര്‍ഡ്, സെന്‍ട്രല്‍ ജയില്‍, എണ്ണ മേഖലകള്‍ എന്നിവിടങ്ങളിലുള്ള 400 ഓളം കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേകം സജ്ജീകരണം ഒരുക്കിയിരുന്നു.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31വരെയാണു പ്രചാരണം. രോഗനിരക്ക് കുറയ്ക്കുന്നതിനും രോഗങ്ങള്‍ മൂലമുള്ള മരണങ്ങളും സങ്കീര്‍ണതകളും തടയുന്നതും ലക്ഷ്യമിട്ടു കൊണ്ടാണു പ്രചാരണം എന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബുത്തൈന അല്‍മുദഫ് അല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it