Latest News

സമൂഹിക അടുക്കളകള്‍ അര്‍ഹതപ്പെട്ടവര്‍ക്കുമാത്രം: മന്ത്രി ഡോ. കെ.ടി. ജലീല്‍

സമൂഹിക അടുക്കളകള്‍ അര്‍ഹതപ്പെട്ടവര്‍ക്കുമാത്രം: മന്ത്രി ഡോ. കെ.ടി. ജലീല്‍
X

മലപ്പുറം: കൊവിഡിനെ തുടര്‍ന്ന് ജില്ലയില്‍ ആഹാരലഭ്യത ഉറപ്പുവരുത്തുന്നതിനായി 73 സമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍. ശേഷിക്കുന്ന സ്ഥലങ്ങളിലും പദ്ധതി ഉടന്‍ ആരംഭിക്കുന്നതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാരും അധ്യക്ഷന്മാരും മുന്‍കൈ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതേസമയം അര്‍ഹരല്ലാത്തവര്‍ ഈ സേവനം ഒരു കാരണവശാലും ഉപയോഗപ്പെടുത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഒറ്റപ്പെട്ടു കഴിയുന്ന അഥിതി തൊഴിലാളികള്‍, ലോഡ്ജുകളിലുള്‍പ്പടെ ആഹാരം പാകം ചെയ്യാന്‍ പ്രയാസമുള്ളവര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍, തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിച്ച കേന്ദ്രങ്ങള്‍ എന്നിങ്ങനെ അത്യാവശ്യക്കാര്‍ക്ക് മാത്രമായാണ് സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ അര്‍ഹരിലേക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി. അഥിതി തൊഴിലാളികളെ അവരുടെ കോണ്‍ട്രാക്ടര്‍മാര്‍ സമൂഹിക അടുക്കളയിലേക്ക് കൂട്ടത്തോടെ പറഞ്ഞുവിടുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ജില്ലയില്‍ സാമൂഹിക അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണത്തിനു തയ്യാറാക്കുന്നതും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഇതിന്റെ ചുമതല. പാകം ചെയ്ത ഭക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവരാണ് സാമൂഹിക അടുക്കളകളുടെ നേതൃത്വം വഹിക്കേണ്ടത്. മറ്റു സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇതിന്റെ നടത്തിപ്പ് ചുമതലകള്‍ നല്‍കരുതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it