Latest News

കൊവിഡ് കെയര്‍ സെന്ററുകള്‍ ഉടന്‍ സജ്ജമാക്കും

കൊവിഡ് കെയര്‍ സെന്ററുകള്‍ ഉടന്‍ സജ്ജമാക്കും
X

മലപ്പുറം: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 50 കിടക്കകളുള്ള പ്രത്യക കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി വരികയാണ്. 18 പഞ്ചായത്തുകളിലായി 19 കൊവിഡ് കെയര്‍ സെന്ററുകള്‍ ഇതിനകം പ്രവര്‍ത്തന സജ്ജമാക്കി ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മറ്റുള്ള ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന സൗകര്യങ്ങളോടെ കേന്ദ്രങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജില്ലാതലത്തില്‍ ആറ് കൊവിഡ് കെയര്‍ സെന്ററുകള്‍ നിലവിലുണ്ട്. കൂടുതല്‍ പേര്‍ക്ക് ആവശ്യമെങ്കില്‍ സ്വയം നിരീക്ഷണത്തിനു പ്രയോജനപ്പെടുത്താനാണ് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവര്‍ പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മ സംഘങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതില്‍ പൊലീസിന്റെ ജാഗ്രത വിലപ്പെട്ടതാണ്. നിരോധനാജ്ഞ ലംഘനം തടയാന്‍ നീരീക്ഷണം ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കും. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടയുമെന്നും എന്നാല്‍ അവശ്യ യാത്രകള്‍ക്ക് പ്രയാസമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ മുഴുവന്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷരുമായും സെക്രട്ടറിമാരുമായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെടര്‍മാരുമായും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

ജില്ലാ കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, പഞ്ചായത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. രാജന്‍, ജില്ല സപ്ലൈ ഓഫീസര്‍ കെ. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it