Latest News

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം.

പുതിയ തൊഴില്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഫിക്‌സഡ് ടേം ജീവനക്കാര്‍ക്ക് ഈ കാലാവധി വ്യവസ്ഥയില്‍ ഇളവ് ലഭിക്കും. അത്തരം ജീവനക്കാര്‍ക്ക് ഇനി ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് അനുസരിച്ച്, ഒരു സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് മുമ്പ് അര്‍ഹതയുണ്ടായിരുന്നുള്ളൂ.

'ഗിഗ് വര്‍ക്ക്', 'പ്ലാറ്റ്ഫോം വര്‍ക്ക്', 'അഗ്രഗേറ്റര്‍മാര്‍' എന്നിവ നിര്‍വചിച്ചിട്ടുണ്ട്. നിശ്ചിതകാല ജീവനക്കാര്‍ ഒരു വര്‍ഷത്തിനകം ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരാകും. തോട്ടം തൊഴിലാളികള്‍ സാമൂഹിക സുരക്ഷാ കോഡിന്റെ പരിധിയില്‍ വരും. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് പെര്‍ഫോമര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഡിജിറ്റല്‍, ഓഡിയോവിഷ്വല്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

മെച്ചപ്പെട്ട വേതനം, വിപുലമായ സാമൂഹിക സുരക്ഷാ പരിരക്ഷ, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുകയാണ് ഈ പുനസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അതേസമയം, തൊഴില്‍ച്ചട്ടങ്ങള്‍ ഏകപക്ഷീയമായി വിജ്ഞാപനംചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമെന്ന് പ്രതിപക്ഷ, കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും കര്‍ഷക സംഘടനകളുടെയും വര്‍ഷങ്ങളായി എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും യൂണിയനുകള്‍ ആരോപിച്ചു. 2019 ല്‍ വേതന കോഡ് നടപ്പിലാക്കിയതുമുതല്‍ പ്രതിഷേധങ്ങള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. ഇതിനെതിരേ 2025 ജൂലൈ 9ന് നടന്ന പൊതുപണിമുടക്കില്‍ 25 കോടിയിലധികം തൊഴിലാളികള്‍ പങ്കെടുത്തതായി അവര്‍ പറഞ്ഞു.

നവംബര്‍ 26ന് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തൊഴിലാളികളോട് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം അടയാളപ്പെടുത്തുന്നതിനായി തിങ്കളാഴ്ച മുതല്‍ ഗേറ്റ് മീറ്റിംഗുകള്‍, ജോലിസ്ഥല പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ നടത്താനും കറുത്ത ബാഡ്ജ് ധരിക്കാനും അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ശ്രമശക്തി നീതി 2025 കരട് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it