Latest News

നവാസിന്റെ അറസ്റ്റ്: പോലിസിന്റെ റിമാന്റ് റിപോര്‍ട്ട് വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ചത്: പോപുലര്‍ ഫ്രണ്ട്

നവാസിന്റെ അറസ്റ്റ്: പോലിസിന്റെ റിമാന്റ് റിപോര്‍ട്ട് വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ചത്: പോപുലര്‍ ഫ്രണ്ട്
X

ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തിനെതിരെ പോലിസ് തയ്യാറാക്കിയ റിമാന്റ് റിപോര്‍ട്ട് വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ചതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ചൂണ്ടിക്കാട്ടി. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ ആലപ്പുഴയില്‍ ജനമഹാസമ്മേളനം സംഘടിപ്പിച്ചതിനാണ് നവസിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ തയ്യാറാക്കിയ റിമാന്റ് റിപോര്‍ട്ട് ഗുരുതരമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതും മതവിദ്വേഷം ആളിക്കത്തിക്കുന്നതുമാണ്.

ആര്‍എസ്എസിന്റെ ലഘുലേഖ അതേപടി പകര്‍ത്തിയാണ് പോലിസ് റിമാന്റ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടതുണ്ട്. വര്‍ഗീയവാദികളായ ആര്‍എസ്എസിന്റെ നാവായി പോലിസും മാറുന്നത് അപകടകരമാണ്. ആര്‍എസ്എസിനെതിരായി ഉയര്‍ത്തിയ മുദ്രാവാക്യത്തെ ഹിന്ദു ക്രൈസ്തവ മതവിഭാഗങ്ങള്‍ക്കെതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് പോലിസും ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സംഘപരിവാരത്തിന്റെ അതേ മാതൃകയാണ് പോലിസും പിന്തുടരുന്നത്.

ആര്‍എസ്എസിനെതിരെ ഉയര്‍ന്ന മുദ്രാവാക്യത്തെ എഡിറ്റ് ചെയ്തശേഷം ആര്‍എസ്എസും ജനം ടിവിയും പ്രചരിപ്പിച്ച അന്യമത വിദ്വേഷം അതേപടി ഏറ്റെടുത്ത് പകര്‍ത്തിയിരിക്കുകയാണ് ആലപ്പുഴ സൗത്ത് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ ചെയ്തിട്ടുള്ളത്. മുദ്രാവാക്യത്തില്‍ എവിടെയും ഹിന്ദുകളെയോ, ക്രൈസ്തവരെയോ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല, മറിച്ച് ആര്‍എസ്എസിനെ കൃത്യമായി പരാമര്‍ശിച്ചിട്ടുമുണ്ട്. പിണറായി വിജയന്റെ കൈവശമുള്ള ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണോ പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആര്‍എസ്എസിന് പാദസേവ ചെയ്യുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.

സംഘപരിവാര്‍ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തതും ഗ്യാന്‍വാപി മസ്ജിദ് കൈവശപ്പെടുത്താനുള്ള നീക്കവും ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിഷേധം ഹിന്ദുക്കളെ പ്രകോപിതരാക്കുമെന്ന പോലിസ് വാദം ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് എന്നത് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. തങ്ങളുടെ ആരാധനാലയങ്ങള്‍ ഓരോന്നായി ഹിന്ദുത്വഭീകരര്‍ കടന്നാക്രമിക്കുമ്പോള്‍ മുസ്ലിംകള്‍ മൗനം തുടരണമെന്ന സന്ദേശമാണ് പോലിസ് നല്‍കുന്നത്. ഗുജറാത്തിലെ മുസ് ലിം വിരുദ്ധ കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവും അത്യന്തം അപകടമായാണ് പോലിസ് റിമാന്റ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനില്‍ക്കുന്ന നാട്ടില്‍ നിരന്തരമായി വര്‍ഗീയതയ്ക്ക് ആഹ്വാനം നടത്തുകയാണ് പോലിസ് ചെയ്തിട്ടുള്ളത്. 153(എ) വകുപ്പ് പ്രകാരം മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലിസ് ഇതേ വകുപ്പ് ചുമത്തിയിട്ടുള്ള ആര്‍എസ്എസ് ഭീകരന്‍മാരെ സ്വതന്ത്രമായി കയറൂരി വിട്ട് വര്‍ഗീയ പ്രസംഗിക്കാനും പ്രചരിപ്പിക്കാനും അവസരമൊരുക്കുകയാണ്. നവാസ് വണ്ടാനത്തിന് എതിരായ റിമാന്റ് റിപോര്‍ട്ടില്‍ ഉടനീളം ഹിന്ദു മുസ് ലിം വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് മനപൂര്‍വം പോലിസ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. ആര്‍എസ്എസിന്റെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി റിമാന്റ് റിപോര്‍ട്ട് തയ്യാറാക്കിയ പോലിസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുക്കണം. വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ച റിമാന്റ് റിപോര്‍ട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it