Latest News

മഹാരാഷ്ട്രയിലെ ലഹരിമാഫിയക്ക് പിന്നില്‍ ബിജെപി നേതാവ് ഫഡ്‌നാവിസെന്ന് മന്ത്രി നവാബ് മാലിക്

മഹാരാഷ്ട്രയിലെ ലഹരിമാഫിയക്ക് പിന്നില്‍ ബിജെപി നേതാവ് ഫഡ്‌നാവിസെന്ന് മന്ത്രി നവാബ് മാലിക്
X

മുംബൈ: ലഹരിക്കേസില്‍ ആക്രമണം തുടര്‍ന്ന് മഹാരാഷ്ട്ര എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്. മഹാരാഷ്ട്രയിലെ ലഹരിമാഫിയ്ക്കു പിന്നില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണെന്ന് അദ്ദേഹം ആരോപിച്ചു.

കുപ്രസിദ്ധ മയക്കുമരുന്നു കച്ചവടക്കാരനായ ജയ്ദീപ് റാണയും ഫട്‌നാവിസിന്റെ ഭാര്യയും ബാങ്കറുമായ അമൃത ഫഡ്‌നാവിസുമായി നില്‍ക്കുന്ന ഒരു ഫോട്ടോയും നവാബ് മാലിക് പുറത്തുവിട്ടു. ജയ്ദീപ് റാണയുമായി ദമ്പതിമാരുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''മയക്കുമരുന്ന് കടത്ത് കേസില്‍ ജയദീപ് റാണ ഇപ്പോള്‍ ജയിലിലാണ്... മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസുമായും ഭാര്യ അമൃത ഫഡ്‌നാവിസുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അമൃത ഫഡ്‌നാവിസ് ആലപിച്ച 'മുംബൈ റിവര്‍ ആന്തം (2018)' നിര്‍മ്മിക്കുന്ന കമ്പനിയുടെ ഫിനാന്‍സ് മേധാവിയായിരുന്നു ജയദീപ് റാണ. ഫഡ്‌നാവിസിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്താണ് സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പന വ്യാപകമായത്. ഇക്കാര്യത്തില്‍ സിബിഐ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്''- ഫോട്ടോ പുറത്തുവിട്ടുകൊണ്ടുളള വാര്‍ത്താസമ്മേളനത്തില്‍ നവാബ് മാലിക് ആവശ്യപ്പെട്ടു.

സ്ഫടിക മാളികകളിലിരിക്കുന്നവര്‍ കല്ലെറിയരുതെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. ദീപാവലിക്കു ശേഷം താനൊരു ബോംബ് പൊട്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോംബേറ് കൊള്ളാന്‍ താന്‍ തയ്യാറാണെന്ന് നവാബ് മാലിക് തിരിച്ചടിച്ചു.

ഫഡ്‌നാവിസാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവിയായി സമീര്‍ വാങ്കഡെയെ കൊണ്ടുവന്നതെന്ന് ആരോപിച്ച മാലിക് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സജീവമായിരുന്ന നീരജ് ഗുണ്ടെയെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

''മുഖ്യമന്ത്രിയുടെ ബംഗ്ലാവില്‍ നിന്നാണ് ഗുണ്ടെ പ്രവര്‍ത്തിക്കുന്നത്, എന്‍സിബി ഓഫിസുകള്‍ സന്ദര്‍ശിക്കുകയും മറ്റ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലേക്കും സൗജന്യ പ്രവേശനം നേടുകയും ചെയ്യാറുണ്ടായിരുന്നു... ഫഡ്‌നാവിസിന് ഗുണ്ടെയുമായുള്ള ബന്ധം എന്തായിരുന്നു...? അദ്ദേഹം ഫഡ്‌നാവിസിന്റെ 'ദൂതനായി' പ്രവര്‍ത്തിച്ചു, എന്നാല്‍ മറ്റ് പല കാര്യങ്ങളിലും, സ്ഥലംമാറ്റങ്ങളിലും, പോസ്റ്റിംഗിലും മറ്റും അദ്ദേഹത്തിന് കൈയുണ്ടായിരുന്നു''-മാലിക് ചോദിച്ചു.

ഗുണ്ടെ തന്റെ സുഹൃത്താണെന്ന് ഫഡ്‌നാവിസ് പറഞ്ഞു. കൂട്ടത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും സുഹൃത്താണ് ഗുണ്ടെയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it