Latest News

ദേശീയ ഗവേഷണ കോണ്‍ഫറന്‍സും കേരള ഉന്നതവിദ്യാഭ്യാസ എക്‌സ്‌പോയും ഫെബ്രുവരി 9 മുതല്‍

ദേശീയ ഗവേഷണ കോണ്‍ഫറന്‍സും കേരള ഉന്നതവിദ്യാഭ്യാസ എക്‌സ്‌പോയും ഫെബ്രുവരി 9 മുതല്‍
X

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും (കെഎസ്എച്ച്ഇസി) സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഗവേഷണ കോണ്‍ഫറന്‍സും 'കേരള ഉന്നതവിദ്യാഭ്യാസ എക്‌സ്‌പോ 2026'ഉം ഫെബ്രുവരി 9 മുതല്‍ 11 വരെ തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളജില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ കൈവരിച്ച പുരോഗതിയും ആധുനികവല്‍ക്കരണവും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് മൂന്നു ദിവസത്തെ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍, ധനസഹായ സംവിധാനങ്ങള്‍, അക്കാദമിക് ഔട്ട്പുട്ട് തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്ത് ഉണ്ടായ മുന്നേറ്റങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. അതോടൊപ്പം, രാജ്യത്തെ പ്രമുഖ അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. നിലവില്‍ സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളജുകളിലായി 3,733 റിസര്‍ച്ച് ഗൈഡുമാരും സര്‍വകലാശാലകളില്‍ 640 ഗവേഷകരും പ്രവര്‍ത്തിക്കുന്നതായി മന്ത്രി പറഞ്ഞു.

ഗവേഷണ സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി കിഫ്ബി, റൂസ, സംസ്ഥാന പ്ലാന്‍ ഫണ്ടുകള്‍ എന്നിവ വഴി ലബോറട്ടറികളും ലൈബ്രറികളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ കേന്ദ്രത്തിനും 30 കോടി രൂപ വീതം അനുവദിച്ച് സര്‍വകലാശാലകളില്‍ സ്ഥാപിച്ച 30 മികവിന്റെ കേന്ദ്രങ്ങളില്‍ ഏഴെണ്ണം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ പ്രധാനമായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ റിസര്‍ച്ച് സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഗവേഷണ ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിങ്, ഗ്രാന്റ്-ഫെലോഷിപ്പ് വിവരങ്ങള്‍, പേറ്റന്റ് ഉള്‍പ്പെടെയുള്ള ഗവേഷണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നു.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഗവേഷണ കേന്ദ്രങ്ങളും സജീവമാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ്‌ഡോക്ടറല്‍ ഫെലോഷിപ്പുകളില്‍ ഒന്നായ മുഖ്യമന്ത്രിയുടെ 'നവകേരള പോസ്റ്റ്‌ഡോക്ടറല്‍ ഫെലോഷിപ്പ്' പദ്ധതി വഴി 10 മേഖലകളിലായി 175ഓളം യുവ ഗവേഷകര്‍ക്ക് അവസരങ്ങള്‍ ലഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഗവേഷകര്‍ 500ലധികം ഉന്നത നിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് പദ്ധതി മറ്റു സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാത്ത ഗവേഷകര്‍ക്ക് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. നാലു വര്‍ഷ ബിരുദ പ്രോഗ്രാമിലെ 'ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്' വഴി ബിരുദതലത്തില്‍ തന്നെ വിദ്യാര്‍ഥികളെ ഗവേഷണ മേഖലയുമായി ബന്ധിപ്പിക്കുന്നതും കേരളത്തിന്റെ ഗവേഷണ അടിത്തറ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കി.

ഫെബ്രുവരി 9ന് പ്രീകോണ്‍ഫറന്‍സ് സെമിനാറുകളും തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ എക്‌സ്‌പോയുടെ ഉദ്ഘാടനവും നടക്കും. രണ്ടാം ദിവസം പത്തു സമാന്തര വേദികളിലായി ഗവേഷണ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. മൂന്നാം ദിവസം 'റീബില്‍ഡ് കേരള' ഗവേഷണ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ഗവേഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മികച്ച പോസ്റ്ററുകള്‍ക്കും പ്രബന്ധങ്ങള്‍ക്കും പുരസ്‌കാരങ്ങളും നല്‍കും. പ്രൊഫ. പി ബാലറാം, പ്രൊഫ. എം ആര്‍ എന്‍ മൂര്‍ത്തി, പ്രൊഫ. സി പി ചന്ദ്രശേഖര്‍, പ്രൊഫ. രംഗനാഥ് അന്നഗൗഡ, പ്രൊഫ. ശരത് അനന്തമൂര്‍ത്തി, പ്രൊഫ. പ്രഭാത് പട്‌നായിക് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ അക്കാദമിക് വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

സെമിനാറിനോടനുബന്ധിച്ച് 'സ്‌കോളര്‍ കണക്ട്' എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകരുടെ അറിവും അനുഭവസമ്പത്തും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. എക്‌സ്‌പോയുടെ ഭാഗമായി സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളും നൂതന കണ്ടുപിടുത്തങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. മികച്ച എക്‌സിബിഷന്‍ സ്റ്റാളുകള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും.

Next Story

RELATED STORIES

Share it