Latest News

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കെതിരേയുള്ള രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ തുടരുന്നു

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കെതിരേയുള്ള രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ തുടരുന്നു
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരേയുള്ള രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇ ഡി ആസ്ഥാനത്ത് തുടരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഇന്ന് രാവിലെ 11 മണിക്കാണ് ആരംഭിച്ചത്. പിന്നീട് രണ്ടേകാലോടെ ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞു.

അവിടെനിന്ന് അദ്ദേഹം സോണിയാ ഗാന്ധി ചികില്‍സ തേടുന്ന സര്‍ ഗംഗാ റാം ആശുപത്രിയിലേക്ക് പോയി. സോണിയാ ഗാന്ധി കൊവിഡ് അനുബന്ധ അസുഖം ബാധിച്ച് ചികില്‍സയിലാണ്.

രണ്ടാംവട്ട ചോദ്യംചെയ്യല്‍ 3.45നാണ് തുടങ്ങിയത്.

അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് മേല്‍നോട്ടം വഹിക്കുന്നത്.

കള്ളപ്പണനിരോധന നിയമത്തിലെ വകുപ്പ് 50 അനുസരിച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നുണ്ട്.

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

രാഹുല്‍ഗാന്ധിയുടെ മാതാവും കോണ്‍ഗ്രസ് നേതാവുമായ സോണിയക്കും സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും അവര്‍ ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യല്‍ ജൂണ്‍ 23ലേക്ക് മാറ്റി.

കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി. ഇതില്‍ പാര്‍ട്ടി നേതാക്കളുടെ പങ്കും പരിശോധിക്കുന്നുണ്ട്.

2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it