സ്വവര്‍ഗബന്ധം വെളിപ്പെടുത്തിയത് സഹോദരി ബ്ലാക്‌മെയില്‍ ചെയ്തത് കാരണം: കായികതാരം ദ്യുതി ചന്ദ്

സ്വവര്‍ഗബന്ധം വെളിപ്പെടുത്തിയത് സഹോദരി ബ്ലാക്‌മെയില്‍ ചെയ്തത് കാരണം: കായികതാരം ദ്യുതി ചന്ദ്

ഭുവനേശ്വര്‍: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്‌മെയില്‍ ചെയ്തതുകൊണ്ടാണ് സ്വവര്‍ഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും വനിതകളുടെ 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയുമായ ദ്യുതി ചന്ദ്.സ്വവര്‍ഗബന്ധത്തെകുറിച്ച് ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരേ കുടുംബാംഗങ്ങള്‍ ഒന്നടങ്കം രംഗത്തു വന്നതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയുടെ തിരിച്ചടി.

-സഹോദരി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ദ്യുതി മാധ്യമങ്ങളോടു പറഞ്ഞു. സ്വവര്‍ഗബന്ധത്തില്‍ മൂത്തസഹോദരിക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടെന്നു ദ്യുതി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇക്കാര്യം താന്‍ പോലിസിനെ അറിയിച്ചിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവര്‍ഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചത്.

നേരത്തെ, ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. ഇതുപക്ഷേ ദ്യുതി നിരാകരിച്ചു. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ദ്യുതിയുടെ അനന്തരവള്‍ കൂടിയായ പെണ്‍കുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

RELATED STORIES

Share it
Top