Latest News

മുസ് ലിംലീഗിന്റെ കുത്തക തകര്‍ന്നു; ഇത്തവണയും താനൂരില്‍ നിന്ന് വി അബ്ദുറഹ്മാന്‍ നിയമസഭയിലെത്തുമെന്ന് മുഖ്യമന്ത്രി

മുസ് ലിംലീഗിന്റെ കുത്തക തകര്‍ന്നു; ഇത്തവണയും താനൂരില്‍ നിന്ന് വി അബ്ദുറഹ്മാന്‍ നിയമസഭയിലെത്തുമെന്ന് മുഖ്യമന്ത്രി
X

താനൂര്‍: മുസ്‌ലിം ലീഗിന്റെ കുത്തക തകര്‍ത്തുകൊണ്ട് വി അബ്ദുറഹ്മാന്‍ കഴിഞ്ഞ തവണ താനൂരിലെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തിയതുപോലെ ഇത്തവണയും വലിയ വിജയം നേടിക്കൊടുക്കുമെന്ന സന്ദേശമാണ് പൊതുസമ്മേളനത്തിലെ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി അബ്ദുറഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി താനൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുന്‍കാലങ്ങളില്‍ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന തീരുമാനത്തില്‍ ജനങ്ങള്‍ എത്താറുണ്ടായിരുന്നത്. അതില്‍ നിന്ന് വളരെ വ്യത്യസ്തമായി ഇത്തവണ നേരത്തെ ആ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ഇപ്പോള്‍ കേന്ദ്രഏജന്‍സികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കിഫ്ബി കേരള നിയമസഭയുടെ ഉല്‍പന്നമാണ്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. അതുകൊണ്ടുതന്നെ കിഫ്ബിയെ അത്രവേഗം തോണ്ടി കളയാമെന്ന് കേന്ദ്ര ഏജന്‍സികള്‍ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്ലാ സഹായ സഹകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.അതല്ല വിരട്ടല്‍ ആണ് ഉദ്ദേശ്യമെങ്കില്‍ അതിന് ഈ മണ്ണ് അത്ര പാകമല്ല എന്ന് മനസ്സിലാക്കിക്കൊള്ളണം. നിങ്ങള്‍ കണ്ടതും പരിചയിച്ചതുമായ മണ്ണല്ല ഇത്. കേരളം പ്രത്യേക കൂട്ടരുള്ള നാടാണ്. അതാണ് നിങ്ങള്‍ക്കറിയാത്ത ഇടതുപക്ഷ സംസ്‌കാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആ സംസ്‌കാരത്തിന്റെ ഭാഗമായാണ് കുറച്ചുനാള്‍ കൊണ്ടുതന്നെ അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളത്തിനെ മാറ്റാന്‍ കഴിഞ്ഞത്. നേരെ എങ്കില്‍ നേരെ, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് തീരുമാനമെങ്കില്‍ അതിനെ നിയമപരമായി നേരിടും. ഇപ്പോള്‍ ആ നേരിടല്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനകീയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമായി മാറാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കി. കേരളത്തിലെ വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. യുഡിഎഫ് കാലഘട്ടത്തില്‍ 5 ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോയപ്പോള്‍ 6,80,000 വിദ്യാര്‍ത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിന് കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗം സമൂലമായി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയാണ് ലോകമാകെ നേരിട്ടത്. എന്നാല്‍ അതിനുമുന്നില്‍ കീഴടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല എന്നതിന്റെ തെളിവാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ മുന്നിട്ടു നിന്നത്.

വീടില്ലാത്ത രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ ലൈഫ് മിഷനിലൂടെ സര്‍ക്കാരിന് കഴിഞ്ഞു. ഒന്നര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാകാന്‍ പോവുന്നു. ലൈഫ് മിഷനില്‍ അനില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും അവസരം നല്‍കുകയും അവരുടെ അപേക്ഷ പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് പറയുന്നത് ലൈഫ് മിഷന്‍ പിരിച്ചുവിടും എന്നാണ്. മനുഷ്യത്വപരമായ നിലപാടല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായി വച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ ഇന്ന് 1,600 രൂപയായി ഉയര്‍ത്തി. നാളെ ഇതിലും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ കരഘോഷത്തോടെയാണ് ഈ വാഗ്ദാനം താനൂരുകാര്‍ ഏറ്റെടുത്തത്.

കേരളത്തിലെ ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ചവര്‍, കേന്ദ്ര സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങള്‍ വില്‍പ്പനക്ക് വെച്ചപ്പോള്‍ ഒരക്ഷരവും ഉരിയാടിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുഭാഗത്ത് യുഡിഎഫ് ശ്രമിക്കുമ്പോള്‍ , മറുവശത്ത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗപ്പെടുത്തി ബിജെപിയും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it