Latest News

ആര്‍എസ്എസ് സ്ഥാപനത്തില്‍ ഉദ്ഘാടകനായി ലീഗ് എംഎല്‍എ; അണികളില്‍ രോഷം

പുത്തൂര്‍ പള്ളിക്കല്‍ അമ്പലപ്പടി സാന്ദീപനി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് പി അബ്ദുല്‍ഹമീദ് എംഎല്‍എ ഉദ്ഘാടകനായി എത്തിയത്. പ്രദേശത്തെ മുസ്‌ലിം ലീഗ് വാര്‍ഡ് അംഗം സാജിതക്കും ക്ഷണമുണ്ടായിരുന്നെങ്കിലും ആര്‍എസ്എസ് സ്ഥാപനമായതിനാല്‍ അവര്‍ പങ്കെടുക്കാതെ വിട്ടുനിന്നു.

ആര്‍എസ്എസ് സ്ഥാപനത്തില്‍ ഉദ്ഘാടകനായി ലീഗ് എംഎല്‍എ;  അണികളില്‍ രോഷം
X

കോഴിക്കോട്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ ചടങ്ങില്‍ മുസ്‌ലിം ലീഗ് എംഎല്‍എ പി അബ്ദുല്‍ഹമീദ് ഉദ്ഘാടകനായി പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാകുന്നു, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആര്‍എസ്എസും അനുബന്ധ സംഘടനകളും വംശീയ ഉല്‍മൂലനം ഉള്‍പ്പടെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ സ്ഥാപനത്തിലെ പരിപാടിയില്‍ മുസ്‌ലിം ലീഗ് എംഎല്‍എ പങ്കെടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും അണികളും പറയുന്നത്. പുത്തൂര്‍ പള്ളിക്കല്‍ അമ്പലപ്പടി സാന്ദീപനി വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് പി അബ്ദുല്‍ഹമീദ് എംഎല്‍എ ഉദ്ഘാടകനായി എത്തിയത്. പ്രദേശത്തെ മുസ്‌ലിം ലീഗ് വാര്‍ഡ് അംഗം സാജിതക്കും ക്ഷണമുണ്ടായിരുന്നെങ്കിലും ആര്‍എസ്എസ് സ്ഥാപനമായതിനാല്‍ അവര്‍ പങ്കെടുക്കാതെ വിട്ടുനിന്നു. വാര്‍ഡ് അഗം കാണിച്ച ധാര്‍മികത പോലും എംഎല്‍എ പുലര്‍ത്തിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.


ആര്‍എസ്എസ് പാലക്കാട് സംഘ്ചാലക് കെ ചാരു ഉള്‍പ്പടെയുള്ള ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള തിരുവമ്പാടി ദേവസ്വത്തിനു കീഴിലുള്ള സ്ഥാപനമാണ് സാന്ദീപനി വിദ്യാനികേതന്‍. കടുത്ത മുസ്‌ലിം വിരോധിയും സംഘ്പരിവാര്‍ നേതാവുമായി സ്വാമി ചിദാനന്ദപുരിയാണ് കഴിഞ്ഞ വര്‍ഷം പുത്തൂര്‍ പള്ളിക്കല്‍ അമ്പലപ്പടി സാന്ദീപനി വിദ്യാനികേതന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പുത്തൂര്‍ പള്ളിക്കല്‍ അമ്പലപ്പടിയിലെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.


ആര്‍എസ്എസിന്റെ മിക്ക പരിപാടികളും പരിശീലനങ്ങളും നടക്കുന്ന ഇടമാണ് ഈ സ്ഥാപനം. സ്‌കൂളിനോട് അനുബന്ധിച്ച് ആര്‍എസ്എസ് ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്. 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അമ്പലപ്പടി സാന്ദീപനി വിദ്യാനികേതന്റെ ഒരു പരിപാടിയിലും നാളിതുവരെ യുഡിഎഫിന്റെ ഒരാളും പങ്കെടുത്തിട്ടില്ല. ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ മാത്രമാണ് ഇവിടേക്ക് മക്കളെ പഠിക്കാന്‍ അയക്കാറുള്ളതും. പൂര്‍ണമായും ആര്‍എസ്എസ് സ്ഥാപനമാണെന്ന് നാട്ടുകാര്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതായിട്ടുപോലും എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ലീഗ് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്. മുന്‍ വര്‍ഷം ഈ വാര്‍ഡില്‍ ബിജെപി ആയിരുന്നു വിജയിച്ചത്. അവരില്‍ നിന്നുമാണ് മുസ്‌ലിം ലീഗ് വാര്‍ഡ് പിടിച്ചെടുത്തത്. സംഘ്പരിവാറുമായി എംഎല്‍എ പുലര്‍ത്തുന്ന മൃദുസമീപനം അടുത്ത തിരഞ്ഞെടുപ്പില്‍ വാര്‍ഡ് നഷ്ടപ്പെടുത്താന്‍ കാരണമായേക്കുമെന്ന ആശങ്കയും അണികള്‍ ഉയര്‍ത്തുന്നുണ്ട്.




Next Story

RELATED STORIES

Share it