Latest News

മതനിന്ദയാരോപിച്ച് കൊലപാതകം: അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, അപലപിക്കാനാവില്ലെന്ന് പ്രബന്ധക് കമ്മറ്റി പ്രസിഡന്റ്

മതനിന്ദയാരോപിച്ച് കൊലപാതകം: അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്  മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, അപലപിക്കാനാവില്ലെന്ന് പ്രബന്ധക് കമ്മറ്റി പ്രസിഡന്റ്
X

ന്യൂഡല്‍ഹി: പഞ്ചാബില്‍ മതനിന്ദയാരോപിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മതനിന്ദയാരോപിച്ചുള്ള കൊലപാതകത്തിനെതിരേ പരസ്യമായി രംഗത്തുവരുന്ന പഞ്ചാബിലെ ആദ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് അമരീന്ദര്‍ സിങ്. അമൃത്‌സറിലും കര്‍ത്താപൂരിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേരെ മതനിന്ദയാരോപിച്ച് കൊലപ്പെടുത്തിയത്.

സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി ആള്‍ക്കൂട്ടക്കൊലയെ അപലപിക്കാനാവില്ലെന്ന് പ്രതികരിച്ചിരുന്നു.

''മതനിന്ദയും വിശുദ്ധമായി കരുതുന്നതിനെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റാണ്. പക്ഷേ, അതിനുപകരം ഒരാളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. എന്തുകൊണ്ടാണ് ഈ വഴി സ്വീകരിക്കുന്നത്? ഇവിടെ നിയമ വ്യവസ്ഥയുണ്ട്. പ്രതിയെ ശിരോമണി അകാലിദള്‍ പ്രബന്ധക് കമ്മിറ്റിയുടെ ഓഫിസില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തുന്നതാണോ രീതി? അത് നിയമവിരുദ്ധമാണ്. അസ്വീകാര്യവുമാണ്''- അദ്ദേഹം പറഞ്ഞു.

ആരെയും ആള്‍ക്കൂട്ടക്കൊലയ്ക്ക് വിധേയനാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2015ലെ മതനിന്ദാ കേസില്‍ സിഖ് സമുദായത്തില്‍ നിലനില്‍ക്കുന്ന അതൃപ്തിയാണോ സംഭവത്തിനു പിന്നിലെന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഭരണ കാലത്തെ നടപടികളെ ന്യായീകരിച്ചു.

അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ചാണ് അമൃത് സറില്‍ യുവാവിനെ തല്ലിക്കൊന്നത്. അതിനുശേഷം 24 മണിക്കൂര്‍ തികയും മുമ്പാണ് സമാനമായ സംഭവത്തില്‍ മറ്റൊരു യുവാവിനെ കപൂര്‍ത്തല ജില്ലയില്‍ കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it