Latest News

ഷിമോഗയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; 'ഹിജാബ് വിവാദം' അടക്കം എല്ലാ വശവും അന്വേഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ഷിമോഗയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; ഹിജാബ് വിവാദം അടക്കം എല്ലാ വശവും അന്വേഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍
X

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ അജ്ഞാതന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ ഹിജാബ് വിവാദവുമായുള്ള ബന്ധമടക്കം എല്ലാ വശവും അന്വേഷണ വിധേയമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കൊല്ലപ്പെട്ടയാളുടെ അനുശോചന യാത്രക്ക് അനുമതി നല്‍കിയതില്‍ ജില്ലാ ഭരണകൂടത്തിന് തെറ്റുപറ്റിയെന്നും സര്‍ക്കാര്‍ ആരോപിച്ചു.

26 വയസ്സുള്ള ഹര്‍ഷയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ ചോദ്യം ചെയ്തു. അതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഹിജാബ് വിവാദവുമായി മരണത്തിന് ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പൊടുന്നനെയാണ് ഹിജാബ് വിവാദത്തിലേക്ക് കൊലപാതകത്തെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത്.

'ഹിജാബ് നിരയ്ക്ക് പിന്നിലുള്ള സംഘടനകളും നിരീക്ഷണത്തിലാണ്. അവരുടെ പങ്കും പരിശോധിച്ചുവരികയാണ്. ഇന്നലെ കല്ലേറില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'- ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ഹര്‍ഷയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയോടനുബന്ധിച്ച് വലിയ അക്രമപ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്. 8 കിലോമീറ്റര്‍ നീളമുള്ള അനുശോചന ജാഥയിയില്‍ 5000ത്തോളംപേര്‍ പങ്കെടുത്തു.

നിരവധി കാറുകള്‍ ഇതിനിടയില്‍ അഗ്നിക്കിരയാക്കി. വ്യാപകമായ കല്ലേറും റിപോര്‍ട്ട് ചെയ്തു. ഇരുചക്രവാഹനങ്ങളും തകര്‍ത്തു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ചില സമയത്ത് പോലിസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. കൂട്ടം ചേരുന്നതും നിരോധിച്ചു.

നിരോധനാജ്ഞ ലംഘിച്ച് വിലാപയാത്രക്ക് അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്. അനുമതി നല്‍കിയത് ജില്ലാ ഭരണകൂടമാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കൈകഴുകി.

ഹര്‍ഷയുടേതുപോലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. അതിന് സര്‍ക്കാരും പോലിസും പ്രതിജ്ഞാബദ്ധമാണ്. തങ്ങള്‍ ഈ കേസ് യുക്തിസഹമായ രീതിയില്‍ പര്യവസാനിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ഞായറാഴ്ച രാത്രി തന്നെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്നും പ്രധാന നഗരകേന്ദ്രങ്ങളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തി.

Next Story

RELATED STORIES

Share it