Latest News

നികുതി ഇളവ് ആവശ്യപ്പെട്ട് സിനിമ സംഘടനകള്‍; 22നു തിയേറ്ററുകള്‍ അടയ്ക്കും

നികുതി ഇളവ് ആവശ്യപ്പെട്ട് സിനിമ സംഘടനകള്‍; 22നു തിയേറ്ററുകള്‍ അടയ്ക്കും
X

തിരുവനന്തപുരം: സിനിമ വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിനിമ സംഘടനകള്‍ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 22നു സംസ്ഥാനത്തുടനീളമുള്ള സിനിമ തിയേറ്ററുകള്‍ അടച്ചിടുകയും സിനിമ ഷൂട്ടിങ്ങുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ അന്നേ ദിവസം പൂര്‍ണ്ണമായി നിര്‍ത്തിവെക്കുകയും ചെയ്യും. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, പ്രദര്‍ശകര്‍ ഉള്‍പ്പെടെയുള്ള വിവിധ സിനിമ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം പ്രതിഷേധം അനിശ്ചിതകാല പണിമുടക്കിലേക്ക് വ്യാപിപ്പിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ശക്തമായ സമരനടപടികള്‍ക്ക് മുന്നോടിയായുള്ള അന്തിമ മുന്നറിയിപ്പായിട്ടാണ് സൂചന പണിമുടക്ക് നടത്തുന്നതെന്നും വ്യക്തമാക്കി.

ജിഎസ്ടി നിലവിലുള്ള സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ ഈടാക്കുന്ന വിനോദ നികുതി പിന്‍വലിക്കുക എന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഈ നികുതി സിനിമ പ്രദര്‍ശന മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി പ്രദര്‍ശകരും നിര്‍മ്മാതാക്കളും ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തനച്ചെലവ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി നിരക്ക് അനുവദിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരും സിനിമ വ്യവസായ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്ന് സംഘടനകള്‍ ആരോപിച്ചു. ജനുവരി 14നു വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന സൂചന നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 2025ല്‍ പുറത്തിറങ്ങിയ ഏകദേശം 180 മലയാളം സിനിമകളില്‍ പത്തോളം സിനിമകള്‍ മാത്രമാണ് ലാഭം കൈവരിച്ചതെന്ന കണക്ക് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it