Latest News

മാലിദ്വീപില്‍ നിന്ന് പണം കൈമാറ്റത്തിന് ആശ്വാസം; പ്രതിമാസ പരിധി 10 ലക്ഷം ഡോളറായി ഉയര്‍ന്നു

മാലിദ്വീപില്‍ നിന്ന് പണം കൈമാറ്റത്തിന് ആശ്വാസം; പ്രതിമാസ പരിധി 10 ലക്ഷം ഡോളറായി ഉയര്‍ന്നു
X

ന്യൂഡല്‍ഹി: മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം ലഭിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് മാലിദ്വീപ് മോണിറ്ററി അതോറിറ്റി (എംഎംഎ) പ്രതിമാസ കൈമാറ്റ പരിധി 10 ലക്ഷം ഡോളറായി ഉയര്‍ത്തിയതോടെ ഡോളര്‍ കൈമാറ്റത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എസ്ബിഐ ഇന്റര്‍നാഷണല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ റാം മോഹന്‍ റാവു അമ്ര, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുമായി നടത്തിയ ആശയവിനിമയത്തിലൂടെയായിരുന്നു ഈ വിവരം രാജ്യമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 25 മുതല്‍ ഡോളര്‍ നിക്ഷേപ പരിധി 400ല്‍ നിന്ന് 150 ആയി കുറച്ചതോടെ കൈമാറ്റം ദുഷ്‌കരമായിരുന്ന സാഹചര്യം ഇതോടെ മറികടക്കാനാവുമെന്ന് എസ്ബിഐ വ്യക്തമാക്കി.

മാലിദ്വീപിലെ മോശം സാമ്പത്തിക സാഹചര്യത്തെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലേക്ക് ഡോളര്‍ വരവ് കുറഞ്ഞതായിരുന്നു നിയന്ത്രണത്തിന് പിന്നില്‍. പുതിയ തീരുമാനപ്രകാരം പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസവും ആരോഗ്യ മേഖലയിലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക്, കൂടുതല്‍ തുക നാട്ടിലേക്ക് അയയ്ക്കാന്‍ സാധിക്കും.

മാലിദ്വീപിലെ അവധി ദിനങ്ങള്‍ കഴിഞ്ഞതോടെ ഈ പരിഷ്‌കരിച്ച നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നും, വിദേശനാണ്യ നില മെച്ചപ്പെട്ടാല്‍ പണം അയയ്ക്കുന്നതിലെ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായും നീക്കുമെന്നും എസ്ബിഐ വ്യക്തമാക്കി. മാലിദ്വീപിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പിന്തുണയായി പ്രവര്‍ത്തിക്കാന്‍ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും റാം മോഹന്‍ റാവു അമ്ര കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it