Latest News

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍

ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി സഭയില്‍

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണ്. പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ട. കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി പറഞ്ഞു.

കുറ്റിക്കാട്ടൂരും തളിപ്പറമ്പും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സഭയില്‍ ബഹളമായി. തീരുമാനം പിന്‍വലിക്കുംവരെ സമരം നടത്തുമെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു.

ചോദ്യോത്തര വേളയില്‍ ചില കീഴ്‌വഴക്കങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ പ്രകോപനകരമായി മറുപടി പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടനകള്‍ സംയുക്തസമരത്തിനിറങ്ങിയെങ്കിലും സമസ്ത പിന്‍വാങ്ങുകയായിരുന്നു. പള്ളികളില്‍ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളില്‍ നടത്താന്‍ ഉദ്ദേശിച്ചതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പിന്നീട് വ്യക്തമാക്കിയിരുന്നു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ നടക്കുന്ന പ്രചാരണം തടയണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. ഇത് പള്ളികളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിമര്‍ശിച്ചിരുന്നു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

മുസ്‌ലിം സംഘടനകളുമായി വിശദമായ ചര്‍ച്ച നടത്തും, തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it