News

നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ

നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ
X

കൊച്ചി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണെന്ന് നൈജീരിയയുടെ വിശദീകരണം. നൈജീരയയില്‍ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികന്‍ മില്‍ട്ടന്‍ കുടുംബത്തിന് സന്ദേശമയച്ചു. ഇനി ഫോണില്‍ ബന്ധപ്പെടാന്‍ പറ്റില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ വാങ്ങിവെക്കുകയാണെന്ന് പറഞ്ഞതായി നാവികന്റെ ഭാര്യ പ്രതികരിച്ചു. നാവികരെ ഇന്നലെ നൈജീരിയയിലെത്തിച്ചിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നൈജീരിയയിലെത്തിയെന്ന വിവരം നാവികര്‍ ബന്ധുക്കളെ അറിയിച്ചത്. കപ്പല്‍ കമ്പനി അധികൃതരും നിയമവിദഗ്ധരും നൈജീരയില്‍ എത്തിയിട്ടുണ്ട്. കപ്പലിലെ നാവികരുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ശ്രമിക്കുന്നുണ്ട്.

ക്രൂഡോയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു, സമുദ്ര അതിര്‍ത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാവികര്‍ക്കെതിരേ നൈജീരിയന്‍ സൈന്യം ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളില്‍ നിയമനടപടികളിലേക്ക് നൈജീരിയ കടന്നാല്‍ നാവികരുടെ മോചനം നീണ്ടേക്കും. ഇത് മറികടക്കാനുളള നയതന്ത്ര നീക്കമാണ് ഇന്ത്യ നടത്തുന്നത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പല്‍ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയില്‍ എത്തിയിരുന്നു.

ഗിനി സേന കസ്റ്റഡിയിലെടുത്ത 'എംടി ഹീറോയിക് ഇദുന്‍' എന്ന പേരിലുള്ള എണ്ണക്കപ്പലിലെ നാവികരെ നൈജീരിയയ്ക്ക് കൈമാറിയിരുന്നു. ശേഷം നൈജീരിയന്‍ നാവികസേന എത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഗിനി വിട്ടാല്‍ നാടുമായി ബന്ധപ്പെടാനാവില്ലെന്ന് നാവികന്‍ സനു ജോസിന്റെ പുതിയ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. നൈജീരിയന്‍ സേനയ്ക്ക് കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തതായാണ് സൂചന.

Next Story

RELATED STORIES

Share it