Latest News

മരുദത്ത് മുഹമ്മദലി വധക്കേസ് പ്രതി ജെയ്‌മോന്‍ കൊടും കുറ്റവാളി

സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള 20 ക്രിമിനല്‍ കേസ്സുകളിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പലതിലും ശിക്ഷയനുഭവിച്ചതും മറ്റു ചിലതില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതുമാണ്.

മരുദത്ത് മുഹമ്മദലി വധക്കേസ് പ്രതി ജെയ്‌മോന്‍ കൊടും കുറ്റവാളി
X

കാളികാവ്: 2018ല്‍ കൊല ചെയ്യപ്പെട്ട മരുദത്ത് മുഹമ്മദലി വധക്കേസ് പ്രതി ജെയ്‌മോന്‍ കൊടും കുറ്റവാളി. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള 20 ക്രിമിനല്‍ കേസ്സുകളിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പലതിലും ശിക്ഷയനുഭവിച്ചതും മറ്റു ചിലതില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതുമാണ്. സ്വന്തം പേരില്‍ സിം കാര്‍ഡോ മൊബൈല്‍ ഫോണോ പ്രതി ഉപയോഗിച്ചിരുന്നില്ല. ഇതാണ് പ്രതിയെ പിടികൂടുന്നതിന് കാലതാമസം നേരിടാന്‍ പ്രധാനകാരണം.

തട്ടിക്കൊണ്ടു പോകല്‍, വധശ്രമം, മോഷണം, വീട്ടില്‍ കയറി അക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രികളെ വശീകരിച്ച് പാട്ടിലാക്കി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങള്‍. അതിനിടെ സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കാനുള ശ്രമവും നടന്നു. ഇതില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

തിരുവനന്തപുരം, കണ്ണൂര്‍, സെന്‍ട്രല്‍ ജയിലുകളില്‍ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങുന്ന ഇയാള്‍ ഇടക്കിടെ താവളം മാറ്റുകയാണ് പതിവ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉന്നത ക്രിമിനല്‍ റാക്കറ്റുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ഇതാണ് ഇയാള്‍ക്ക് ഏറെ നാള്‍ മുങ്ങി നടക്കാന്‍ സഹായകമായത്. കൊലപാതക കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ പോലിസുകാരനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പല കേസ്സുകളിലും അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചച്ചവിടി കൊലപാതകത്തില്‍ പ്രതിയായത്. 2004ല്‍ റാന്നി പോലിസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത മൂന്നു കേസ്സുകളില്‍ സ്ത്രീ പീഡനം. ഭീഷണിപ്പെടുത്തല്‍ എന്നിവയും 2011ല്‍ വെള്ളത്തൂവല്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ്സില്‍ വീട് കയറി അക്രമിച്ചതും 2011ല്‍ തന്നെ മൂന്നാര്‍ പോലിസില്‍ ഒരു കേസ്സും 2006ല്‍ പെരിനാട് പോലിസില്‍ മാനഭംഗത്തിന് ഒരു കേസ്സും 2016ല്‍ മണിമല പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസ്സുകളില്‍ അക്രമം മാനഭംഗം വീട്ടില്‍ കയറി അക്രമിക്കല്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

2018ല്‍ കൊല്ലം തെന്മല പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രായമാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി പലര്‍ക്കും കാഴ്ചവെച്ചതായും പോക്‌സോ ചുമത്തിയ കേസ്സും നിലവിലുണ്ട്. 2016ല്‍ രാജപുരം പോലിസ് സ്‌റ്റേഷനില്‍ വധശ്രമത്തിനും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഒരു കേസ്സും 2011ല്‍ അടിമാലി പോലിസ് സ്‌റ്റേഷനില്‍ സ്ത്രീയെ വശീകരിച്ച് ധനവും മാനവും കവര്‍ന്ന കേസ്സും 2013ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത ഭീഷണിപ്പെടുത്തുകയും പണം കവര്‍ന്ന കേസ്സും നിലനില്‍ക്കുന്നുണ്ട്. 2018 സെപ്റ്റംബര്‍ 21ന് കാളികാവ് പോലിസ് റജിസ്റ്റര്‍ ചെയ്ത സ്ത്രീയെ വശീകരിച്ച് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊല്ലുകയും സ്ത്രീയെയും കൂട്ടികളെയും കടത്തിക്കൊണ്ട് പോവുകയും ചെയ്ത കേസ്സിലാണ് പ്രതി പിടിയിലാകുന്നത്.

സ്ത്രീയെയും കുട്ടികളെയും ഈ മാസം 20ന് ശിവകാശിയില്‍ വെച്ചും ജെയ്‌മോനെ 22ന് ഡിണ്ടി കലില്‍ വെച്ചുമാണ് പിടികൂടിയത്.

ജയ്‌മോനെ തെളിവെടുപ്പിനായി കാളികാവ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കൂട്ടുപ്രതി ഉമ്മുല്‍സാഹിറയെ അടുത്ത ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങും. ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.കൊടും കുറ്റവാളിയായ ജെയ്‌മോനെയും ഭര്‍ത്താവിനെ കൊല്ലാന്‍ കൂട്ടുനിന്ന ഭാര്യ ഉമ്മുല്‍സാഹിറയും പിടികൂടാനായതില്‍ വലിയ സന്തോഷത്തിലാണ് നാട്ടുകാര്‍. മലപ്പുറം ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.

Next Story

RELATED STORIES

Share it